കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജ്ജ് എം പിയുടെ കുടുംബത്തിന്റെ പട്ടയങ്ങളിലെ കൃത്രിമങ്ങൾ ചൂണ്ടിക്കാട്ടിയുളള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നടപടിയെടുക്കാതെ അട്ടിമറിച്ചു. കൃത്രിമമായി രേഖകൾ ചമച്ച ഉദ്യാഗസ്ഥർക്കെതിരെ നടപടികൾക്കും ശുപാർശ ചെയ്യുന്ന 2014 ലെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കോട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉൾപ്പടെ സന്ദർശിച്ചും വില്ലേജ് താലൂക്ക് ഓഫീസ് രേഖകൾ പരിശോധിച്ചും 2014ൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സത്യജിത് രാജൻ സമർപ്പിച്ച റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ജോയ്സ് ജോർജ്ജ് കുടുംബത്തിന്ടെ കൈവശത്തിൽ വന്ന ഭൂമി ഗ്രാന്ടിസ് മരങ്ങൾ നിറഞ്ഞ സർക്കാർ ഭൂമിയാണെന്നും പട്ടയം നേടിയവർ അതിനർഹരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 ഒക്ടോബറിൽ പതിനേഴു ദിവസം മാത്രം വില്ലേജ് ഓഫീസറായി ഇരുന്ന ടി ജനാർദ്ദനൻ പ്രത്യേകമായാണ് പട്ടയ നടപടികൾ നടത്തിയത്. പട്ടയ ഉടമകളുടെ പ്രായവും കൈവശ കാലാവധിയും കണക്കാക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവരും ശിശുക്കളുമാണ്. കൂടാതെ അപേക്ഷകളിലെയും മുക്ത്യാറിലെയും ഒപ്പുകൾ വ്യത്യസ്ഥമായതിനാൽ ഇവ കൃത്രിമമായി നിർമ്മിച്ചതായി കണക്കാക്കാം. താലൂക്കിലെ നമ്പർ വൺ, നമ്പർ ടു രജിസ്റ്ററുകളിലും കൃത്രിമങ്ങൾ നടന്നിട്ടുണ്ട്. ഒരു വില്ലേജ് ഓഫീസറോ തഹസീൽ ദാറോ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ തട്ടിപ്പ് സാധിക്കില്ലെന്നുമാണ് റിപ്പോർട്ടിലുളളത്. അതിനാൽ അന്നത്തെ വില്ലേജ് ഓഫീസറും തഹസീൽദാറും ഉൾപെടെയുളള ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നും, മറ്റുളളവർക്കെതിരേ ഭൂമി കൈയ്യേറ്റത്തിനും കൃത്രിമ രേഖകൾ ചമച്ചതിനുമൊക്കെ കേസെടുക്കണമെന്നുമുളള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടാണ് അട്ടമറിക്കപ്പെട്ടത്. കൃത്രിമങ്ങൾ അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരേയടക്കം നടപടികൾ വേണമെന്നുമാണ് ജില്ലയിലെ സിപിഐ കോൺഗ്രസ് നേതാക്കളുടെ നിലപാട്.

പക്ഷേ ജോയ്സ് ജോർജ്ജ് കുടുംബത്തിന്റേതുൾപെടെ കൈയ്യേറ്റമല്ലെന്നും അന്വേഷണമോ നടപടികളോ അനുവദിക്കില്ലെന്നുമാണ് സിപിഎം നിലപാട്.