- Home
- News
- International News
- ഇറാനെ ആക്രമിക്കാന്‍ പോര്‍വിമാനങ്ങള്‍ ജോര്‍ദാനില്‍; കേന്ദ്രമാവുക ഈ താവളം; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
ഇറാനെ ആക്രമിക്കാന്‍ പോര്‍വിമാനങ്ങള്‍ ജോര്‍ദാനില്‍; കേന്ദ്രമാവുക ഈ താവളം; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
ഇറാനെ ആക്രമിക്കുമെന്ന ഭീഷണി പ്രസിഡന്റ് ട്രംപ് തുടരുന്നതിനിടെ അമേരിക്കയുടെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ പശ്ചിമേഷ്യയില്‍ എത്തി. ജോര്‍ദാനിലെ വ്യോമതാവളമായിരിക്കും ആക്രമണത്തിന്റെ പ്രധാന കേന്ദ്രമാവുകയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു

മധ്യ ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളമായിരിക്കും ഇറാനെതിരെ ആക്രമണം നടത്താനുള്ള പ്രധാന കേന്ദ്രമായിരിക്കുക എന്നാണ് പുതിയ വിവരം. ന്യൂയോര്‍ക്ക് ടൈംസാണ് പുതിയ ഉപഗ്രഹ ചിത്രങ്ങളും ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളുമായി ഈ വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച എടുത്ത ചിത്രങ്ങളില്‍ നിരവധി പേര്‍വിമാനങ്ങള്‍ ഇവിടെ നിലയുറപ്പിച്ചതായി കാണാം.
മുവാഫഖ് സാള്‍ട്ടി എന്നറിയപ്പെടുന്ന യു എസ് താവളത്തില്‍ 60-ലധികം യുദ്ധവിമാനങ്ങള്‍ കാണാം. ഇത് സാധാരണ അവിടെ ഉണ്ടാകാറുള്ള വിമാനങ്ങളുടെ മൂന്നിരട്ടിയാണ്. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുറഞ്ഞത് 68 ചരക്ക് വിമാനങ്ങള്‍ ഈ താവളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിമാനപ്പുരകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കാനും സാധ്യതയുണ്ട്.
എഫ് 35 സ്റ്റെല്‍ത്ത് ജെറ്റുകള്‍ ഉള്‍പ്പെടെ അതിനൂതന വിമാനങ്ങള്‍ ഇപ്പോള്‍ ഈ താവളത്തിലുണ്ട്. കൂടാതെ നിരവധി ഡ്രോണുകളും ഹെലികോപ്റ്ററുകളും ചിത്രങ്ങളില്‍ കാണാം.
ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് താവളത്തെ സംരക്ഷിക്കുന്നതിനായി അമേരിക്കന്‍ സൈന്യം പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അമേരിക്കയുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഈ വിമാനങ്ങളും ഉപകരണങ്ങളും അവിടെ വിന്യസിച്ചിരിക്കുന്നത് എന്ന് പേരുവെളിപ്പെടുത്താത്ത ജോര്‍ദാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലുടനീളം അമേരിക്ക നടത്തുന്ന വന്‍തോതിലുള്ള സൈനിക വിന്യാസത്തിന്റെ ഭാഗമാണ് ജോര്‍ദാനിലെ ഈ വിമാനങ്ങള്‍.
ഇറാനെ ആണവകരാറില്‍ ഒപ്പുവെപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നതിന് പരിമിതമായ സൈനിക ആക്രമണം പരിഗണനയിലുണ്ടെന്ന് വെള്ളിയാഴ്ച പ്രസിഡന്റ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

