അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നു. പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിന് 120 കോടി രൂപയുടെ കൈക്കൂലി നല്‍കിയെന്ന് ഡയറികുറിപ്പ് വ്യക്തമാക്കുന്നു. സോണിയാഗാന്ധിക്ക് ഇടപാടുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി വ്യക്തമാക്കി.
 
അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ്‌പി ത്യാഗിയെ കഴിഞ്ഞ ദിവസം മൂന്നു ദിവസത്തേയ്‍ക്കു കൂടി കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ത്യാഗിയെ ചോദ്യം ചെയ്യുന്നത് തുടരുമ്പോഴാണ് ഹെലികോപ്റ്റര്‍ അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിട്ടത്. ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആര്‍ക്കൊക്കെ കൈക്കൂലി നല്കിയെന്ന കാര്യമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കള്‍ക്ക് നല്കാനായി ഏതാണ്ട് 450 കോടി രൂപയാണ് മാറ്റിവച്ചത് എന്ന് കുറിപ്പില്‍ വ്യക്തമാകുന്നു. രാഷ്‌ട്രീയക്കാരുടെ പട്ടികയില്‍ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതു കുടുംബം എന്ന് വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന് 120 കോടി രൂപ നല്കിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എപി എന്ന ചുരുക്കപ്പേരിലുള്ള നേതാവിന് 25 കോടി നല്കിയതായി പറയുന്നു. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്‍റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് 60 കോടി നല്‍കിയതായി ഇടനിലക്കാരന്‍ പറയുന്നുണ്ട്. അതേസമയം സോണിയാഗാന്ധിക്ക് ഇടപാടുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍പ്രതിരോധ മന്ത്രി എ കെ ആന്‍റണി വിശദീകരിച്ചു. ഇക്കാര്യം ഇറ്റാലിയന്‍ കോടതിയും വ്യക്തമാക്കിയതാണെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നും ആദ്യ കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വെളിപ്പെടുത്തി.