ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്കിന് കൂടുതൽ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ  തലവൻ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ്  മസൂദ് അസർ സന്ദേശം അയച്ചതെന്നും കണ്ടെത്തി.

പാക് വിദേശകാര്യമന്ത്രി ഇന്ത്യയോട് തെളിവുകൾ ആവശ്യപ്പെടുമ്പോഴാണ് പാക് പങ്ക് വ്യക്തമാക്കുന്ന തെളിവ് അന്വേഷണ ഏജൻസികളുടെ കയ്യിലെത്തുന്നത്. പുൽവാമ ആക്രമണത്തിന് എട്ടു ദിവസം മുമ്പാണ് മസൂദ് അസര്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ക്ക് ശബ്ദ സന്ദേശം അയച്ചത്.' അതിര്‍ത്തി കടന്നു പോകൂ നാശമുണ്ടാക്കൂ ' എന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശമാണ് മസുദ് അസര്‍ നല്‍കുന്നതെന്നാണ് വിവരം.

"

അസറിന്‍റെ ബന്ധു ഉസ്മാനെ ഒക്ടോബറിൽ ത്രാലിൽ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുൽവാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാൻ സ്വദേശിയും താലിബാൻ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്ഷെ മുഹമ്മദ് കമാന്‍ഡ‌‌ർ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്.

ഘാസി ഇപ്പോഴും കശ്മീർ താഴ്വരയിൽ തങ്ങുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. റാവൽ പിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ മസൂദ് അസര്‍. ഇതിനിടെ ഇന്ത്യയുടെ മിന്നലാക്രമണ സാധ്യത കണക്കിലെടുത്ത് നിയന്ത്രണ രേഖയിലെ തീവ്രവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിച്ചു തുടങ്ങിയനെന്ന് വിവരമുണ്ട്. എന്നാൽ നിയന്ത്രണ രേഖയിൽ വന്‍ തോതിൽ സൈനിക വിന്യാസം സേന തുടങ്ങിയിട്ടില്ല.