പാലക്കാട്ട് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ നിന്നുള്ള 6.09 ലക്ഷം രൂപയുടെ കൈക്കൂലി പണവുമായി പോകവേ ഏജന്റ് പോലീസ് പിടിയിലായി. വാളയാര്‍,ഗോപാലപുരം ചെക്ക് പോസ്റ്റുകളില്‍ നിന്നും പിരിച്ചെടുത്ത തുക ഏജന്റ് വഴി മാറ്റുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഒരു ദിവസം കൊണ്ട് വാളയാര്‍, ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത 6,09,100 രൂപയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടിച്ചത്. ഈസ്റ്റ് യാക്കര സ്വദേശി ജയപ്രകാശാണ് പണവുമായി ബൈക്കില്‍ പോകവേ പിടിയിലായത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ സമീര്‍ എന്നയാളാണ് ഇടപാടുകള്‍ക്കു പിന്നിലെന്നു ജയപ്രകാശ് മൊഴി നല്‍കി. പോലീസ് കസ്റ്റ്ഡിയിലിരിക്കെ ജയപ്രകാശിന്റെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ നിരവധി തവണ വിളിച്ചിരുന്നു. ചെക്ക് പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധന ഭയന്നാണ് ജീവനക്കാര്‍, കൈകൂലിപ്പണം കൊണ്ടുപോകുന്നതിന് ഏജന്റിനെ ചുമതലപ്പെടുത്തിയത്. കൈക്കൂലി ഇടപാടുകള്‍ക്ക് ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ പൊള്ളാച്ചിയില്‍ വീട് വാടകയ്‌ക്ക് എടുത്തിട്ടുള്ളതായും വിവരമുണ്ട്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കോളേജ് ബസുകളിലെ ജീവനക്കാരും പണം എത്തിക്കുന്നവരായി പ്രവര്‍ത്തിക്കുന്നുണ്ട്.
