കൊല്ലം: ഓണ ദിനത്തിലും സമരമൊഴിയാതെ കൊല്ലം നഗരം. കശുവണ്ടി ഫാക്ടറികള്‍ എല്ലാം തുറക്കണമെന്നും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്‌പിയും കണ്‍സ്യൂമര്‍ ഫെഡ് തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട ഐഎന്‍ടിയുസിയും ആണ് ഉപവാസ സമരം നടത്തിയത്. ഓണമാഘോഷിക്കാതെ ആധാരമെഴുത്തുകാരും സമരത്തില്‍.
കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപക്‌സിന്റെയും ഫാക്ടറികള്‍ തുറന്നെങ്കിലും ജില്ലയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. ഒരുലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിയില്ലാതെ പ്രതിസന്ധിയില്‍. സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി തീരുമാനിച്ച 8500 രൂപ ബോണസും പല കമ്പനികളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആര്‍എസ്‌പി തിരുവോണ ദിനത്തില്‍ ഉപവാസ സമരം നടത്തിയത്. അന്യസംസ്ഥാനങ്ങളില്‍ കശുമാവ് കൃഷി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം പ്രായോഗികമല്ലന്നും, തൊഴിലാളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്നും ഉപവാസ സമരം ഉദ്ഘാടനം ചെയ്ത എ എ അസീസ് പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി കുടുംബസമേതമാണ് ഉപവാസത്തില്‍ പങ്കെടുത്തത്. കണ്‍സ്യുമര്‍ഫെഡ് ജീവനക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും നന്മ സ്റ്റോറുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഎന്‍ടിയുസി ജില്ല കമ്മിറ്റി ഉപവാസ സമരം നടത്തിയത്. ലൈസന്‍സില്ലാത്തവര്‍ക്കും ആധാരമെഴുതാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ആധാരമെഴുത്തുകാരുടെ സമരം.
