Asianet News MalayalamAsianet News Malayalam

അലഹാബാദിനും ഫൈസാബാദിനും പിന്നാലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി

അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ്. കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. 

Agra To Agarwal BJP Leaders Want To Rename More Uttar Pradesh Cities
Author
India, First Published Nov 9, 2018, 9:00 PM IST

ലക്നൗ: അലഹബാദിനും ഫൈസാബാദിനും പിന്നാലെ യുപിയിലെ കൂടുതല്‍ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ്. കൂടുതല്‍ നഗരങ്ങളുടെ പേര് മാറ്റം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. യുപിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രാവന്‍ എന്നോ അഗ്രവാള്‍ എന്നോ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.  അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നും ഫൈസാബാദിന്‍റെ പേര് അയോധ്യയെന്നും നേരത്തെ പുനര്‍ നാമകരണം ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

ആഗ്രയക്ക് പ്രത്യേക അര്‍ഥങ്ങളൊന്നുമില്ല, അര്‍ഥമില്ലാത്ത പേരിന് എന്ത് അടിസ്ഥാനമാണുള്ളത്. നേരത്തെ വനമേഖലയായിരുന്നു ഇത്. അഗര്‍വാള്‍ സമുദായത്തിലെ നിരവധി ആളുകള്‍ ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് ആഗ്രയുടെ പേര് അഗ്രാവന്‍ അല്ലെങ്കില്‍ അഗ്രാവാള്‍ എന്ന് മാറ്റുന്നതാണ് ഉചിതമെന്നും ജഗന്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗ്ര നോര്‍ത്ത് എംഎല്‍എയാണ് ജഗന്‍ പ്രസാദ്.

അതേസമയം സര്‍ധാനയില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ സംഗീത് സോമും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുസാഫര്‍നഗറിന്‍റെ പേര് ലക്ഷ്മി നഗര്‍ എന്നാക്കി മാറ്റണമെന്നാണ് സംഗീത് സോമിന്‍റെ ആവശ്യം. അതിനായി അദ്ദേഹം ഉന്നയിക്കുന്ന വാദവും വിചിത്രമാണ്.  

ബിജെപി ശ്രമിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം തിരിച്ചുകൊണ്ടുവരിക എന്നതാണ്. നേരത്തെ മുസ്ലിം ഭരണാധികാരികള്‍ ഹിന്ദുത്വത്തെ ഇല്ലാതാക്കാന്‍ മനപ്പൂര്‍വ്വം പേരുകള്‍ മാറ്റിയതാണ്. അത്തരം ഇടങ്ങളെ പഴയ ഇന്ത്യന്‍ സംസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും അവിടത്തെ യഥാര്‍ഥ സംസ്കാരം നിലനിര്‍ത്തുകയുമാണ് ലക്ഷ്യമെന്നും ജനങ്ങള്‍ പേരുമാറ്റം ആവശ്യപ്പെടുന്നതായും സംഗീത് സോം പറഞ്ഞതായി എഎന്‍ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേരുമാറ്റത്തിനെതിരെ ഇന്ത്യയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും വര്‍ഗീയ ഭിന്നതകളുണ്ടാക്കുന്നതാണ് സര്‍ക്കാറിന്‍റെ ഇത്തരം ഏകപക്ഷീയ നടപടികളെന്നും സാമൂഹ്യ സാസ്കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ വിമര്‍ശനമുന്നയിക്കുന്നു.

എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് യോഗി ആദിഥ്യനാഥിന്‍റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ആഗ്ര, ബാരല്ലി, കാണ്‍പൂര്‍, എന്നീ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. 

ആഗ്ര എയര്‍പ്പോര്‍ട്ടിന്‍റെ പേര് ജനസംഘം സ്ഥാപകനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിലേക്ക് മാറ്റണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലെ പേരുമാറ്റം  പഴയ പേരുകള്‍ തിരിച്ചുകൊണ്ടുവരാനും ചരിത്രപരമായ ഇടങ്ങളെ അതിന്‍റെ പ്രാധാന്യത്തില്‍ നിലനിര്‍ത്താനുമാണെന്നാണ് ബിജെപിയുടെ വാദം.

Follow Us:
Download App:
  • android
  • ios