മാനന്തവാടി: കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ അഴിമതിയെകുറിച്ച് സംസ്ഥാന ധനകാര്യ പരിശോധനവിഭാഗം അന്വേഷണം തുടങ്ങി. 70 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതെസമയം പരിശോധന അസി ഡയറക്ടറുടെ ഓഫീസിന് കീഴില്‍വരുന്ന 7 കൃഷിഭവനുകളില്‍ മാത്രം ഒതുക്കരുതെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ രംഗത്ത്.

കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യമുള്‍പ്പെടെ 70 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നടത്തിയതായി ജില്ലാ ധനകാര്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ധനകാര്യ പരിശോധനവിഭാഗം മാനന്തവാടിയിലെത്തിയത്. ജോയിന്റ് സെക്രട്ടറി എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. മാനന്തവാടി അസി ഡയറക്ടറുടെ ഓഫീസ്, ഇതിനുകീഴില്‍വരുന്ന കൃഷിഭവനുകള്‍ എന്നിവിടങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണ്ണമായും പരിശോധിക്കും. ഇവിടിങ്ങളില്‍ കര്‍്ഷകരോട് കാര്യങ്ങള്‍ ചോദിച്ചറിയാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. അതേസമയം ജില്ലയിലെ മറ്റ് കൃഷിഭവനകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഇതെസമയം കൃഷി അസി ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അറസ്റ്റുചെയ്യാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയിട്ടും ഇയാളെ അറസ്റ്റുചെയ്യാത്തിതിനെതിരെയും മാനന്തവാടിയില്‍ പ്രതിക്ഷേധമുണ്ട്.