കോഴിക്കോട്: മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് പ്രചാരണവുമായി കൃഷിവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയായി ഗാര്‍ഹിക കീടനാശിനികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വില്‍പന, വിതരണക്കാര്‍ക്കും ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനായി കൃഷിവകുപ്പിന്റെ ഗുണനിയന്ത്രണ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നവംബര്‍ 13 മുതല്‍ 18 വരെ പ്രചാരണം നടത്തുന്നത്.

എലി, കൊതുക്, പാറ്റ മുതലായവയെ നശിപ്പിക്കുന്ന കീടനാശിനി വിഭാഗത്തില്‍പ്പെടുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്‍പനയിലും പാലിക്കേണ്ട നിയമാനുസൃത വ്യവസ്ഥകള്‍, ഇവയുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, ഇവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്യാംപെയിനിലൂടെ ജനങ്ങളിലേത്തിക്കും.

വിത്ത്, നടീല്‍ വസ്തുക്കള്‍, രാസ-ജൈവവളങ്ങള്‍, രാസ- ജൈവ കീടനാശിനികള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുകയും രാസകീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം തടയുകയും ചെയ്യാന്‍ കൃഷിവകുപ്പ് ഗുണനിയന്ത്രണ എന്‍ഫോഴ്സ്മെന്‍റ് നിരീക്ഷണം ശക്തമാക്കും.