തൊഴിലാളിക്ക് തൊഴില്‍ നഷ്‌ടപ്പെടുമെന്ന വാദമുയര്‍ത്തി 90കളില്‍ തുടങ്ങി 2008ല്‍ വലിയ ഏറ്റുമുട്ടലുകളിലേക്ക് പോയ ചരിത്രം പറയാനുണ്ട് കുട്ടനാട്ടില്‍ കൊയ്ത്ത് മെതി യന്ത്രങ്ങള്‍ക്കെതിരെ നടന്ന ഇടത് സമരങ്ങള്‍ക്ക്. ഈ കടുംപിടിത്തം അയയാന്‍ ഒരു പതിറ്റാണ്ടിലേറെ വേണ്ടി വന്നു. സര്‍ക്കാരുകളും ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങളും യന്ത്രങ്ങള്‍ വാങ്ങാന്‍ മത്സരിച്ചെങ്കിലും പ്രായോഗിക തലങ്ങളില്‍ കര്‍ഷകന് ആശ്രയമായത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന യന്ത്രങ്ങള്‍ മാത്രമായിരുന്നു. പഠനങ്ങളില്ലാതെ നമ്മുടെ കൃഷിയിടങ്ങള്‍ക്ക് യോജിക്കാത്ത യന്ത്രങ്ങള്‍ വാങ്ങികൂട്ടി. നാമമാത്രമായി ഉപയോഗിച്ച കൊയത്ത് മെതി യന്ത്രങ്ങളാകട്ടെ അറ്റകുറ്റപ്പണി നടത്താതെ കട്ടപ്പുറത്തുമായി.

യന്ത്രവത്കരണത്തിനായി ആലപ്പുഴയില്‍ മാത്രം 53 കോടി രൂപ ചെലവാക്കിയെന്ന് കൃഷി വകുപ്പ് തന്നെ കുട്ടനാട് പാക്കേജ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ വച്ച കണക്കുകള്‍ പറയുന്നു. കെയ്കോ മുഖേന വാങ്ങിക്കൂട്ടിയത് 100 ട്രില്ലറുകള്‍, 150 കൊയ്ത്ത് മെഷീനുകള്‍, 92 ട്രാക്ടറുകള്‍. ഇതിലേറെയും അഗ്രോ ഇന്‍ഡസ്ട്രീസ് കാര്യാലയങ്ങളില്‍ കിടന്ന് തുരുമ്പെടുക്കുന്നു. ചിലത് ത്രിതല പഞ്ചായത്ത് കാര്യാലയങ്ങളില്‍. അപ്പര്‍ കുട്ടനാടിന് വേണ്ടി വാങ്ങിയ യന്ത്രങ്ങള്‍ കിടക്കുന്നത് പന്തളം ഫാമില്‍. 5 കോടിയിലേറെ രൂപയാണ് ചിലവാക്കിയത്. ഉപയോഗിക്കാന്‍ പോലുമാകാതെ വാങ്ങിയതു മുതല്‍ യാര്‍ഡില്‍ കിടന്ന് നശിച്ചവ വരെയുണ്ട് ഇക്കൂട്ടത്തില്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പല പദ്ധതികളില്‍പ്പെടുത്തി വാങ്ങിയിട്ട യന്ത്രങ്ങളുടെ അവസ്ഥയും ദയനീയമാണ്. തലവടിയില്‍ പട്ടികജാതി വകുപ്പിന്റെ ഒരു കോടിയിലേറെ രുപ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങള്‍ കണ്ട് പിടിക്കാന്‍ ഞങ്ങള്‍ക്ക് കാട് വെട്ടിത്തെളിക്കേണ്ടി വന്നു. ജില്ലാ പഞ്ചായത്തുകളുടേയും വിവിധ ത്രിതല പഞ്ചായത്തുകളുടേയും ഫണ്ട് ഉപയോഗിച്ച് വാങ്ങിയത് 10 കോടിയിലേറെ രൂപയുടെ യന്ത്രങ്ങളാണ്. വാങ്ങി കൂട്ടിയവയില്‍ പത്ത് ശതമാനം പേലും കര്‍‍ഷകര്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ലെന്നാണ് പാടശേഖര സമിതികളും , കര്‍ഷക സംഘടനകളും പറയുന്നത്.