ദില്ലി: മദ്യലഹരിയില്‍ എയര്‍ ഇന്ത്യ വിമാനം പറത്താനെത്തിയ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു. ദില്ലിയില്‍ നിന്ന് അബൂദാബിയിലേക്കുള്ള IX 115 വിമാനം പറത്താനായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പൈലറ്റാണ് പരിശോധനയില്‍ പരാജയപ്പെട്ടത്.

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ ആവശ്യത്തിലധികം ആള്‍ക്കഹോള്‍ അംശം കണ്ടെത്തുകയായിരുന്നു. ഇത്തരം കുറ്റത്തിന് ആദ്യ തവണ പിടിക്കപ്പെട്ടത് കൊണ്ടാണ് മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്റ് ചെയ്തത്. ഇനിയും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്റ് ചെയ്യും. നിയമപ്രകാരം വിമാനം പറത്തുന്നതിന് മുമ്പുള്ള  12 മണിക്കൂറില്‍ മദ്യമോ ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. വിമാനം പറത്തുന്നതിനും മുമ്പും ശേഷവും ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയരാവണം.