തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബുവിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫിന് ജയം. 221 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി സി ബി രാജീവ് ജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബുവിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. 4 പേരാണ് ഈ വാർഡിൽ നിന്ന് ജനവിധി തേടിയത്. എൽഡിഎഫിന്റെ സി ബി രാജീവ് 558 വോട്ടും യുഡിഎഫിലെ ജോസ് സി പി ക്ക് 337 വോട്ടും എൻഡിഎ സ്ഥാനാർത്ഥി ശ്രീകാന്തിന് 34 വോട്ടും ഐക്യമുന്നണി സ്ഥാനാർത്ഥിക്ക് 35 വോട്ടുമാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡ് കൂടിയായിരുന്നു ഓണക്കൂർ. 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ ജയിച്ചു യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു. അതിനാൽ തന്നെ ഈ വാർഡിലെ ജയം ഭരണത്തെ ബാധിക്കില്ല.

