ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ശശികലയും പനീര്‍ ശെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് അസാധാരണ രാഷ്ട്രീയ സാഹചര്യമാണെന്ന് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു. തന്നെ പിന്തുണക്കുന്ന 131 എംഎല്‍എ മാരെ ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

കൂടുതല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന പ്രതീക്ഷയിലാണ് പനീര്‍ശെല്‍വം ക്യാംപ്. എഐഎഡിഎംകെ എംപിമാർ ഇന്ന് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിൽ ഗവർണ്ണർ അലംഭാവം കാണിക്കുകയാണെന്ന ആരോപണം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് എംപിമാരുടെ ലക്ഷ്യം.

എന്നാൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. അതിനിടെ എഐഎഡിഎംകെയുടെ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം ബാങ്കിന് കത്തയച്ചു.