ചെന്നൈ: നിയുക്ത തമിഴ്‍നാട് മുഖ്യമന്ത്രി ശശികലാ നടരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സ്പീക്കറും അണ്ണാ ഡിഎംകെയിലെ മുതിർന്ന അംഗവുമായ പി എച്ച് പാണ്ഡ്യൻ രംഗത്ത്. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ശശികലയെ രാഷ്ട്രീയത്തിലിറങ്ങാൻ അനുവദിയ്ക്കില്ലെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നതായും പാണ്ഡ്യൻ പറഞ്ഞു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയാകാൻ ശശികലയ്ക്ക് പാർട്ടി ഭരണഘടനപ്രകാരം യോഗ്യതയില്ലെന്നും പാണ്ഡ്യൻ വ്യക്തമാക്കി. ഗവർണർ എത്താത്തതിനെത്തുടർന്ന് സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിലായതോടെ സംസ്ഥാനം ഭരണപ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്.
ജയലളിതയുടെ ആശുപത്രിവാസക്കാലത്തും മരണശേഷവും പല ആരോപണങ്ങളും കിംവദന്തികളും ഉയർന്നിരുന്നെങ്കിലും ആദ്യമായാണ് ഒരു അണ്ണാ ഡിഎംകെ നേതാവ് എതിർപ്പ് തുറന്നുപറയുന്നത്. നിയുക്തമുഖ്യമന്ത്രി ശശികലാ നടരാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എംജിആർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പീക്കറായിരുന്ന പി എച്ച് പാണ്ഡ്യൻ ഉന്നയിച്ചത്.
ജയലളിതയെ പൊയസ് ഗാര്‍ഡനിലെ വീട്ടില്‍ ശശികല തള്ളിയിട്ടെന്ന് പാണ്ഡ്യന്‍ ആരോപിച്ചു. ആശുപത്രിയിലാകും മുമ്പ് പൊയസ് ഗാർഡനിൽ വാക്കുതർക്കമുണ്ടായെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശശികല പിന്നീട് രംഗം കയ്യടക്കുകയായിരുന്നും പാണ്ഡ്യന്‍ പറഞ്ഞു .
മുതിർന്ന നേതാക്കളിൽ നിന്നുപോലും വിവരങ്ങൾ മറച്ചുവച്ചുവെന്നും ജയലളിതയുടെ ആരോഗ്യസ്ഥിതി മറച്ചുവച്ചെന്നും ഇത് കണ്ട് അദ്ഭുതം തോന്നിയെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി . ശശികലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പാണ്ഡ്യന്‍റെ ഈ ആരോപണങ്ങള്‍ എന്നത് തമിഴ്‍നാട്ടിലെ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.
2011 ൽ മണ്ണാർഗുഡി കുടുംബത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി ശശികലയെ മാത്രം തിരിച്ചെടുത്ത കാലത്ത് അവരെ രാഷ്ട്രീയത്തിലിറക്കില്ലെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നതായി രാജ്യസഭാംഗമായിരുന്ന മനോജ് പാണ്ഡ്യൻ തുറന്നടിച്ചു.
പാർട്ടിയിലെ തലമുതിർന്ന നേതാവിന്‍റെ തുറന്നുപറച്ചിൽ കൂടുതൽ എതിർപ്പുകൾ പുറത്തുവരാൻ വളമാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്നലെ ജയലളിതയെ ചികിത്സിച്ച ഡോക്ടർമാരുടെ വാർത്താസമ്മേളനം വിളിച്ചുചേർത്ത അണ്ണാ ഡിഎംകെ സർക്കാർ പുതിയ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിരോധത്തിലായി.
അതേസമയം, ഒ പനീർശെൽവം രാജിവെയ്ക്കുകയും ശശികലയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ കഴിയാതിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട് വീണ്ടും ഭരണപ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല വഹിയ്ക്കുകയും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ശാന്ത ഷീലാ നായരും രാജിവെച്ചു. സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടക്കാനിരുന്ന മദ്രാസ് സർവകലാശാലാ സെന്‍റിനറി ഹാളിൽ ഇന്നലെ രാത്രി സജീവമായിരുന്നെങ്കിൽ ഇന്ന് രാവിലെ ഒരുക്കങ്ങൾ മന്ദഗതിയിലായി.
ശശികലയ്ക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് ചെന്നൈയിലെത്താതെ ഗവർണർ ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയിരുന്നു.
കൂടാതെ ശശികലയുടെ മുഖ്യമന്ത്രി പദത്തിനെതിരെ തമിഴ് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ തമിഴ്‍ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കും.
