Asianet News MalayalamAsianet News Malayalam

വിശ്വാസ വോട്ടിന് കോഴ: തമിഴ്നാട് രാഷ്ട്രീയം കത്തുന്നു

AIADMK legislators caught on camera saying Sasikala and Panneerselvam camps bribed MLAs
Author
First Published Jun 13, 2017, 6:15 PM IST

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിനെക്കുറിച്ചുള്ള വിവാദം തുടരുമ്പോൾ സർക്കാരിന്‍റെ നിലനിൽപു തന്നെ പ്രതിസന്ധിയിലാകുന്നു. വോട്ടിന് കോഴ വാങ്ങിയതായി എംഎൽഎമാർ സമ്മതിയ്ക്കുന്ന ഒളിക്യാമറാദൃശ്യങ്ങൾ ഒരു സ്വകാര്യചാനൽ പുറത്തുവിട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ ഹ‍ർജി നൽകി. നാളെ നിയമസഭാസമ്മേളനം തുടങ്ങാനിരിയ്ക്കെ സമവായമുണ്ടാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പാർട്ടി ആസ്ഥാനത്ത് വിളിച്ച യോഗം തുടരുകയാണ്.

തമ്മിലടിയുടെയും പ്രതിസന്ധിയുടെയും മൂർദ്ധന്യത്തിലാണ് തമിഴ്നാട് രാഷ്ട്രീയം. കൂവത്തൂരിലെ റിസോർട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ച എംഎൽഎമാർ വിശ്വാസവോട്ടിന് പത്ത് കോടി രൂപ വരെ കോഴ വാങ്ങിയതായി സമ്മതിയ്ക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് കോടിയും സ്വർണവും തരാമെന്ന് ശശികല ക്യാംപ് വാഗ്ദാനം ചെയ്തപ്പോൾ ബിജെപിയുമായി ചേർന്ന് കേന്ദ്രമന്ത്രിസഭയിൽ ഒരു സ്ഥാനം നൽകാമെന്ന് പനീർശെൽവം പറഞ്ഞതുകൊണ്ടാണ് കൂവത്തൂർ റിസോർട്ടിൽ നിന്ന് വേലി ചാടി മറുപക്ഷം ചേർന്നതെന്നും ശരവണൻ പറയുന്നുണ്ട്. 

പണം കിട്ടിയതുകൊണ്ടാണ് വിശ്വാസവോട്ട് നൽകിയതെന്ന് ശശികല അനുകൂലിയും സുളൂർ എംഎൽഎയുമായ ജി കനകരാജും പറയുന്നു. പ്രതിരോധത്തിലായ ഒപിഎസ് ശരവണനോട് വിശദീകരണം തേടിയെന്ന ഒറ്റ വാചകത്തിൽ മറുപടി ഒതുക്കി. ശബ്ദം തന്‍റേതല്ലെന്നായിരുന്നു ശരവണന്‍റെ വിശദീകരണം.

വിശ്വാസവോട്ടെടുപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിയ്ക്കും. അണ്ണാ ഡിഎംകെ മൂന്ന് പക്ഷമായി പിരിയുകയും മിക്ക എംഎൽഎമാരും കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ വരികയും ചെയ്ത സാഹചര്യത്തിൽ നാളെ നടക്കുന്ന നിയമസഭാസമ്മേളനം നിർണായകമാണ്.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ ദിനകരൻ പക്ഷത്തുള്ളവർ പാർട്ടിയിലും സർക്കാരിലും കൂടുതൽ പദവികൾക്കായി വിലപേശും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് സർക്കാരിനെ ദുർബലപ്പെടുത്തുമെന്നാണ് ഭീഷണി. 

Follow Us:
Download App:
  • android
  • ios