ചെന്നൈ: ഇരു വിഭാഗവും കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി എംകെയിലെ അനുരഞ്ജന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍ ആയി. ഇന്നലെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക ചര്‍ച്ചകള്‍ മുടങ്ങിയതോടെ ഇനി എന്ന് ചര്‍ച്ച നടക്കുമെന്ന കാര്യത്തില്‍ പനീര്‍ശെല്‍വം പക്ഷവും പളനി സ്വാമി പക്ഷവും മൗനം പാലിക്കുകയാണ്. നാളെ പാര്‍ട്ടി ജില്ല ഭാരവാഹികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമേ കാര്യമായ മുന്നേറ്റമുണ്ടാകു എന്നാണ ഇ പി എസ് പക്ഷത്തെ ചില നേതാക്കള്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് പളനിസ്വാമി പക്ഷവും പനീര്‍ശെല്‍വം വിഭാഗവും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടത്തുമെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ലയനകാര്യത്തില്‍ പളനിസ്വാമിക്കൊപ്പമള്ളവര്‍ തോന്നുംപടി ഓരോന്ന് പറയുകയാണെന്ന ഒ പി എ സ് പക്ഷ നേതാവ് കെ പി മുനുസാമിയുടെ പ്രസ്താവനയും അതിനുള്ള ഇ പി എസ് ക്യാംപിന്റെ മറുപടിയും കൂടിയായതോടെ ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി. അനുരഞ്ജനത്തിനായി ഇരുവിഭാഗവും പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ച എന്ന് നടക്കുമെന്ന് മാത്രം ആര്‍ക്കും വ്യക്തതയില്ല. നാളെ പാര്‍ട്ടി ജില്ല ഭാരവാഹികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമേ കാര്യമായ മുന്നേറ്റമുണ്ടാകു എന്നാണ ഇ പി എസ് പക്ഷത്തെ ചില നേതാക്കള്‍ പറയുന്നത്. എന്നാല്‍ പനീര്‍ശെല്‍വവും ഒപ്പമുള്ളവരും തയ്യാറാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താമെന്നും ഇ പി എസ് ക്യാംപിലെ പ്രമുഖര്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും നിലപാട് കടുപ്പിക്കുകയാണ് ഒപിഎസ് ടീം. ജയലളിതയുടെ മരണത്തിലെ സിബിഐ അന്വേഷണം, ശശികലയെയും കുടുംബത്തെയും പുറത്താക്കല്‍ എന്നീ പരസ്യമായി ഉന്നയിക്കുന്ന രണ്ട് ആവശ്യങ്ങള്‍ പോലും അംഗീകരിക്കാത്ത പളനിസ്വാമിയുടെയും സംഘത്തിന്റെയും നീക്കങ്ങള്‍ ദുരൂഹമാണെന്നാണ് ഒപിഎസ് പക്ഷത്തിന്റെ വാദം.
