ഒന്നാംക്ലാസ് പ്രവേശന മാനദണ്ഡം അട്ടിമറിക്കുന്നു കെജി ക്ലാസുകൾ സ്ഥാപിച്ച് തട്ടിപ്പ് ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങുന്നു

കോഴിക്കോട്: എയിഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങുന്നുവെന്ന് ആരോപണം. ചട്ടലംഘനത്തെ കുറിച്ച് അറിഞ്ഞിട്ടും, സ്കൂളുകൾക്കെതിരെ നടപടി എടുക്കാതെ, വിദ്യാഭ്യാസ വകുപ്പും ഇതിന് കൂട്ടു നിൽക്കുന്നുവെന്നാണ് ആക്ഷേപം.

സർക്കാർ സ്കൂളിന് സമാനമായി, അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ച്, അപേക്ഷകരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തണമെന്നാണ് ചട്ടം. പക്ഷേ നടക്കുന്നത് അതൊന്നുമല്ല, മിക്ക എയിഡഡ് സ്കൂളുകളിലും കിന്‍റർ ഗാർഡൻ തുറന്നിട്ടുണ്ട്. പതിനായിരങ്ങളും ലക്ഷങ്ങളും ഡൊണേഷൻ വാങ്ങി കിന്‍റർ ഗാർഡനിൽ പ്രവേശിപ്പിക്കുന്ന കുട്ടികൾക്കാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് മുൻഗണന. 

പിന്നേയും സീറ്റൊഴിവുണ്ടെങ്കിൽ ലേലം വിളിച്ച് കൂടുതൽ തുക നൽകുന്നവരുടെ മക്കൾക്ക് പ്രവേശനം നൽകും. പ്രവേശനത്തില്‍ പല സ്കൂളുകളിലും ശുപാർശയും നിർബന്ധമാണ്. എല്ലാം അറിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് കാര്യമായ ഒരു നടപടിയും എടുക്കുന്നില്ല. അന്വേഷണവും നടപടിയും എന്തായെന്ന് അറിയാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല.