പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പദ്ധതികള്‍ വരുമ്പോഴും 1300 ലേറെ വരുന്ന അധ്യാപകര്‍ അവഗണിക്കപ്പെടുകയാണ്.
കോഴിക്കോട്: രണ്ട് വര്ഷത്തോളമായി ജോലി ചെയ്തിട്ടും നിയമന അംഗീകാരം ലഭിക്കാത്തതിനാല് ദുരിതത്തിലായ എയിഡഡ് സ്കൂള് അധ്യാപകര് ഏപ്രില് മൂന്ന്, നാല് തീയതികളില് സെക്രട്ടറിയേറ്റിന് മുന്നില് രാപ്പകല് സമരം നടത്തും. കെഇആര്. ഭേദഗതി പുനഃപരിശോധിക്കുക, തസ്തികയിലുള്ള എല്ലാവര്ക്കും നിയമനാംഗീകാരം നല്കുക, സര്ക്കാര് ചര്ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് സമരമെന്ന് സംഘാടകര് അറിയിച്ചു.
സംരക്ഷിത ജീവനക്കാരെ സംരക്ഷിക്കണം എന്ന് പറഞ്ഞാണ് നിയമനാംഗീകാരം നല്കാതിരിക്കുന്നത്. ചര്ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം നീട്ടിക്കൊണ്ടുപോവുകയാണ്. സര്ക്കാര് തീരുമാനമെടുത്താലേ പരിഹാരമുള്ളൂവെന്നാണ് വകുപ്പ് ഓഫീസുകളുടെ മറുപടി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പദ്ധതികള് വരുമ്പോഴും 1300 ലേറെ വരുന്ന അധ്യാപകര് അവഗണിക്കപ്പെടുകയാണ്. പല പിഎസ്സി ലിസ്റ്റില് ഉള്പ്പെട്ടിട്ടും നിയമനം ലഭിക്കാതെ പ്രായപരിധി കഴിഞ്ഞപ്പോള് എയ്ഡഡ് മേഖലയില് നിയമനം നേടിയവരാണ് ഇവരില് ഭൂരിഭാഗവും.
രണ്ട് വര്ഷത്തോളമായി നിയമനവും ശമ്പളവും ഇല്ലാതെ ജോലി ചെയ്യുന്ന ഇവര് ഒഴിവ് ദിവസങ്ങളില് മറ്റുപണികളില് ഏര്പ്പെട്ടാണ് കുടുംബം പുലര്ത്തുന്നത്. സര്ക്കാര് തീരുമാനം എടുത്താല് മാത്രമേ പരിഹാരമാകൂ എന്നാണ് വിദ്യഭ്യാസവകുപ്പില് നിന്നുളള മറുപടി. സര്ക്കാര് ചര്ച്ചക്ക് തയ്യാറാകുന്നില്ലെങ്കില് സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികളുമായി ജീവനക്കാര് രംഗത്തിറങ്ങുമെന്നും കോ-ഓര്ഡിനേഷന് കമ്മിററി ഭാരവാഹികളായ കെ.കെ.പൊന്നുമണി, സി.അരുണ് തുടങ്ങിയവര് പറഞ്ഞു
