മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ഇന്ന് ആരംഭിക്കും

ദില്ലി: മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ഇന്ന് ആരംഭിക്കും. വെള്ളം വറ്റിക്കാനുള്ള ശക്തികൂടിയ 10 പമ്പുകൾ ഉൾപെടുള്ള ഉപകരങ്ങളുമായാണ് സംഘം എത്തുന്നത്.

അനധികൃത ഖനിയിൽ തൊഴിലാളികൾ കുടുങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും നാവികസേനയും എത്തുന്നത്. ഗുവാഹത്തിയിൽ നിന്ന് പുറപ്പെട്ട വ്യോമസേന അംഗങ്ങൾ ജയ്ന്തിയ പർവത മേഖലയിലുള്ള ഖനിയിലെത്തും. കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള എഞ്ചീനീയർമാരും രക്ഷാപ്രവർത്തകരും അടങ്ങിയ സംഘവും ഇന്ന തന്നെ എത്തും. വെള്ളത്തിനടിയിൽ തെരച്ചിൽ നടത്താനുള്ള സംവിധാനമുള്ള റിമോർട്ടിലി ഓപ്പറേറ്റഡ് വെഹിക്കിളുമായാണാ നാവിക സേന എത്തുന്നത്. സംഘത്തിൽ മുങ്ങൽ വിദഗ്ധരും ഉണ്ട്. വിശാഖപട്ടത്ത് നിന്നും തിരിച്ച സേന ഇന്ന് മേഘാലയിൽ എത്തും. കിർലോസ്കറിന്‍റെയും കോൾ ഇന്ത്യയുടെയും ശക്തികൂടിയ പമ്പുകളാണ് ഖനിയിലെത്തിക്കുക.

ഈ മാസം 13 നാണ് മേഘാലയിലെ ജയ്ന്തിയ പർവത മേഖലയിലുള്ള അനധികൃത കൽക്കരി ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. സമീപത്തെ നദിയിൽ നിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതായിരുന്നു അപകടത്തിന് കാരണം. പ്രദേശവാസികൾക്ക് പുറമേ അസം സ്വദേശികളും അപകടത്തിൽപ്പെട്ടു.