സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കുന്നത് തുടരുമെന്ന് എയർ ഇന്ത്യ. സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

ദില്ലി: വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ശ്രമം തുടരുന്നുവെന്ന് എയർ ഇന്ത്യ. മധ്യേഷ്യയിലേക്കുള്ള സർവീസുകൾ പരമാവധി നാളെക്കകം പുനരാരംഭിക്കും. യൂറോപ്പിലേക്കും തിരിച്ചുമുള്ള നേരത്തെ റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നുവെന്നും യുഎസിലേക്കും കാനഡയിലേക്കുമുള്ള പല സർവീസുകളും ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെയാകെ ബാധിച്ചു. ദില്ലിയില്‍, മുംബൈ, ചെന്നൈ വിമാനത്താവളങ്ങള്‍ക്കൊപ്പം കേരളത്തിലെ കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളില്‍ നിന്നടക്കം എണ്‍പതോളം സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി പറന്നു. ചിലത് വഴി തിരിച്ചു വിട്ടു. ഇതൊന്നും അറിയാതെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ നട്ടംതിരിഞ്ഞു.

എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും രാവിലെ ആറരയോടെ അത് പുനരാരംഭിക്കുകയണെന്ന് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് കരിപ്പൂരില്‍ നിന്നാണ്. എയര്‍ ഇന്ത്യയുടെ മാത്രം അഞ്ച് വിമാനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയത്. മസ്കറ്റ്, ഷാര്‍ജ, അബൂദബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ.