ഇരുവരും നല്‍കിയ ഹര്‍ജിയില്‍ പട്യാല കോടതിയുടെതാണ് നടപടി

ദില്ലി: എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് താത്കാലിക ആശ്വാസം. പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യുന്നത് അടുത്ത മാസം 7 വരെ കോടതി തടഞ്ഞു. ഇരുവരും നല്‍കിയ ഹര്‍ജിയില്‍ പട്യാല കോടതിയുടെതാണ് നടപടി. 

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കാര്‍ത്തിക്കെതിരെ കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തില്‍ നിരവധി തവണ പി ചിദംബരത്തെയും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇത് വരെ പ്രതി ചേര്‍ത്തിട്ടില്ല. കേസില്‍ അനുബന്ധ കുറ്റപത്രം സമ‍ര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് എന്ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരവും കാര്‍ത്തിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.

2006 ൽ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയർസെൽ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നാണ് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരായ ആരോപണം.