വ്യോമയാനമേഖലയിൽ കേരളത്തിന്‍റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ മുഖ്യമന്ത്രി കണ്ടത്. ശബരിമലയിൽ എത്തുന്ന മൂന്ന് കോടിയോളം തീര്‍ത്ഥാടകരുടെ സൗകര്യര്‍ത്ഥം എരുമേലിയിൽ വിമാനത്താവളം നിര്‍മ്മിക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മുഖ്യമന്ത്രി തേടി.

ആറന്മുള വിമാനത്താവളത്തിന് പകരമല്ല എരുമേലി വിമാനത്താവളം. ആറന്മുള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിൽ റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ ഇറക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

സംസ്ഥാനസര്‍ക്കാര്‍ കൂടുതൽ സ്ഥലം ഏറ്റെടുത്ത് റൺവേ വികസിപ്പിക്കും. ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ സംഘം കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം വിമാനങ്ങളിറങ്ങാനുള്ള കാര്യത്തിൽ തീരുമാനമെടുക്കും. കേരളത്തിനുള്ള റേഷൻ വിഹിതം കൂട്ടി നൽകാനാകില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ മുഖ്യമന്ത്രിയെ അറിയിച്ചു.