പെരിയ: കാസർഗോഡ് പെരിയ എയർ എയര്‍ സ്‍ട്രിപ്പ് പദ്ധതി സാധ്യവും ലാഭകരവുമെന്ന് വിദഗ്ധ സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും. പെരിയയിൽ എയർ സ്‍ട്രിപ്പ് പദ്ധതിക്കായി ജില്ലാ ഭരണകൂടം കണ്ടെത്തിയ കൈക്കോട്ട് കുണ്ടിൽ നേരിട്ടെത്തിയാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. 

സ്ഥലം പദ്ധതിക്ക് അനുയോജ്യമെന്നാണ് പ്രാഥമിക നിഗമനം. ടൂറിസം മേഖലയെമാത്രം ആശ്രയിക്കാതെ യാത്രാക്കാരെകൂടി മുന്നിൽ കണ്ടാവണം പദ്ധതി ആസൂത്രണം ചെയ്യേണ്ടത്. കണ്ണൂരും മംഗലാപുരവും അടക്കം സമീപത്തുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയിൽ എയർ സ്‍ട്രിപ്പിനെ മാറ്റിയെടുക്കാമെന്നാണ് വിലയിരുത്തൽ. 

എൺപത് ഏക്കർ സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. ഇതിൽ 29 ഏക്കർ സർക്കാർ ഭൂമിയുണ്ട്. 51 ഏക്കർ ഏറ്റെടുക്കണം. വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ തുടർ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.