കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ എ.ഐ.എസ്.എഫ് ജില്ലാകമ്മറ്റി. പൊലീസ് അന്വേഷണത്തില്‍ പാളിച്ച പറ്റിയെന്നും കൊല നടത്തിയ പ്രതികള്‍ രക്ഷപ്പെടുമോ എന്ന ഭയം എ.ഐ.എസ്.എഫിനുണ്ടെന്നും ജില്ലാ സെക്രട്ടറി അസ്‍ലഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികളേയും പ്രതികളെ ഒളിപ്പിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായി പൊലീസിന്റെ പക്കലുള്ളത് എസ്.എഫ്.ഐ പിടിച്ചുകൊടുത്ത പ്രതികളാണ്. മുഖ്യപ്രതിയെ ഇതുവരെയും പിടികൂടിയില്ല. പ്രിതകള്‍ക്കൊപ്പം ഇവരെ ഒളിപ്പിക്കുന്നവരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അസ്‍ലഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട്  പൊലീസ് തിരയുന്നയാള്‍ മറ്റൊരു കേസില്‍ ഇന്നലെ തിരുവനന്തപുരത്ത് പിടിയിലായി. ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ എഡിപിഐയുമായി ബന്ധപ്പെട്ട കേസുകളില്‍  ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന്എറണാകുളം പൊലീസിന് കൈമാറും.