മോഹന്‍ലാലിന്‍റെ കോലം എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കത്തിച്ചു 'അമ്മ'യുടെ ആസ്ഥാനത്താണ് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

കൊച്ചി: താരസംഘടനയായ അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകർ കൊച്ചിയിൽ പ്രതിഷേധിച്ചു. എം ജി റോഡിലെ ഫിലിം ചേംബർ ഓഫീസിന് മുന്നിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. മോഹൻലാൽ രാജിവയ്ക്കണമെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

സംഘടനയില്‍ നിന്നും രാജിവച്ച 4 നടിമാർക്കും പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെയാണ് കൊച്ചിയിലെ 'അമ്മ'യുടെ ആസ്ഥാനത്താണ് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

'അമ്മ'യുടെ നടപടിയില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്ന് നാല് നടിമാരാണ് കഴിഞ്ഞ ദിവസം രാജി വച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയും ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരുമാണ് രാജി വച്ചത്. ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള്‍ മൗനത്തിലാണ്. അതേസമയം, ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ പ്രതികരിക്കാത്തതിനെതിരെ മുന്നണിയല്‍തന്നെ ശബ്ദം ഉയരുന്നുണ്ട്. ഇരവരും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. 'അമ്മ'യില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കൊപ്പമെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.