സുപ്രീംകോടതിയിൽ ആധാറിൽ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ  ആധാര്‍ വിവരങ്ങൾ ആര്‍ക്കും ഹാക്ക് ചെയ്യാനാകില്ലെന്ന് യു.ഐ.ഡി.എ.ഐ  ആധാര്‍ വിവരങ്ങൾ സൂക്ഷിക്കുന്നത് 2048 എൻക്രിപ്ഷൻ കി ഉപയോഗിച്ച് 

ദില്ലി: ആധാർ വിവരങ്ങൾ പ്രപഞ്ചമുള്ളിടത്തോളം കാലം ഹാക്ക് ചെയ്യാനാകില്ലെന്ന് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയെ അറിയിച്ചതോടെ മറുചോദ്യവുമായി കോടതി. എന്നാല്‍ ഇത്ര സുരക്ഷിതമെങ്കിൽ 49,000 സ്വകാര്യ എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. 

തിരിച്ചറിയൽ രേഖയില്ലാത്തതിന്‍റെ പേരിൽ ചെറുപ്പകാലത്ത് അനുഭവിക്കേണ്ട വിഷമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷന്‍റെ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ തുടങ്ങിയത്. ഇത് ആദ്യമായാണ് അഭിഭാഷകനോ, ഹര്‍ജിക്കാരനോ അല്ലാത്തൊരാൾക്ക് സുപ്രീംകോടതി മുറിയിൽ ഇത്തരമൊരു അവതരണം നടത്താൻ അനുമതി കിട്ടുന്നത്. 

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തിരിച്ചറിയൽ രേഖകൾക്കായി സ്ത്രീകളുടെ പ്രസവത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ട്. എന്നാൽ വ്യക്തിയുടെയും രക്ഷിതാവിന്‍റെയും പേരും മേൽവിലാസവും ഫോണ്‍നമ്പരും മാത്രമാണ് ആധാറിനായി ഇന്ത്യയിൽ വാങ്ങുന്നത്. വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാര്‍ പദ്ധതി നടപ്പാക്കിയത്. 

ഇതിനായി തയ്യാറാക്കിയിരിക്കുന്ന സാങ്കേതിവിദ്യയെ മറികടക്കാൻ ലോകത്ത് ആര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2048 എൻക്രിപ്ഷൻ കി ഉപയോഗിച്ച് സംരക്ഷിക്കുന്ന ആധാര്‍ വിവരങ്ങൾ പ്രപഞ്ചമുള്ളിടത്തോളം കാലം ആര്‍ക്കും ഹാക്ക് ചെയ്യാനും കഴിയില്ല. ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങൾ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് പോലും നൽകിയിട്ടില്ലന്നും അയജ് ഭൂഷൻ വ്യക്തമാക്കി. 

ഇതൊക്കെയാണെങ്കിലും ബയോമെ‍ട്രിക് വിവരങ്ങളിൽ ഒരാളുടെ പ്രായം കൂടുന്തോറും മാറ്റത്തിന് സാധ്യതയില്ലേ എന്ന് കോടതി ചോദിച്ചു. ബയോമെട്രിക് വിവരങ്ങൾ അംഗീകരിക്കപ്പെടാതെ പലര്‍ക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. അത് സര്‍ക്കാര്‍ സംവിധാനത്തിലെ പോരായ്മ തന്നെയാണെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ കോടതിയിൽ സമ്മതിച്ചു. 

വലിയ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും 49,000 സ്വകാര്യ എൻ‍ട്രോൾമെന്‍റ് ഏജൻസികളുടെ അംഗീകാരം യു.ഐ.ഡി.എ.ഐ റദ്ദാക്കിയത് എന്തിനെന്നായിരുന്നു പിന്നീട് കോടതിയുടെ ചോദ്യം. അഴിമതിയും കെടുകാര്യസ്ഥതയും ആയിരുന്നു കാരണമെന്ന് സമ്മതിച്ച യു.ഐ.ഡി.എ.ഐ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ആധാര്‍ പരിഹാരമല്ലെന്നും വ്യക്തമാക്കി. യു.ഐ.ഡി.എ.ഐയുടെ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ ഇനി ചൊവ്വാഴ്ച തുടരും.