സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും നടത്തിയ ചർച്ചയുടെ തുടർനടപടികൾ തീരുമാനിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ ചൈന അതിർത്തിയിലെ സംഘർഷം പരിഹരിക്കാനും സൈന്യങ്ങൾക്കിടയിലെ വിശ്വാസമില്ലായ്മ പരിഹരിക്കാനുമുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്യും.
ഇരു രാജ്യങ്ങളിലെയും കരസേനകൾക്കിടയിൽ ഹോട്ട് ലൈൻ സംവിധാനം സ്ഥാപിക്കുകയാണ് ബന്ധം ശക്തമാക്കാനുള്ള ഒരു നിർദ്ദേശം. അതിർത്തിയിൽ സംയുക്ത സൈനിക അഭ്യാസത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ പരസ്പര സന്ദർശനത്തിനും ആലോചനയുണ്ട്. ചൈനീസ് അതിർത്തിയിലെ സൈനിക സാന്നിധ്യം കുറയ്ക്കില്ലെങ്കിലും പട്രോളിംഗ് വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശവുമുണ്ട്.
