ബെംഗളൂരു: നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങിളിലൊന്നായി അറിയപ്പെടുന്ന ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയ ലേസര്‍ ഇന്റര്‍ ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി(ലിഗോ) സംഘത്തിലെ മലായാളി ഗവേഷകന്‍ അജിത് പരമേശ്വരന് രാജ്യാന്തര അംഗീകാരം.

കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിന്റെ (സിഫാര്‍) അസ്രിയലി ഗ്ലോബല്‍ പുരസ്‌കാരമാണ് അജിതിന് ലഭിച്ചത്. ഒരു ലക്ഷം കനേഡിയന്‍ ഡോളറാണ്( 50 ലക്ഷം ഇന്ത്യന്‍ രൂപ) ഫെലോഷിപ്പ് തുക.ബംഗളൂരു ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് അജിത്. പല മേഖലകളിലെയും ഗവേഷണത്തെ പിന്തുണയ്ക്കാനായുള്ള ഫെലോഷിപ്പില്‍, തിരഞ്ഞെടുക്കപ്പെട്ട 15 പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ആളാണ് അജിത്. 

എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സിലെ പഠനത്തിനു ശേഷം ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാവിറ്റേഷണല്‍ ഫിസിക്സില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു. 

ഗ്രാവിറ്റേഷണല്‍ തരംഗങ്ങളെ കുറിച്ചുള്ള സൈദ്ധാന്തിക പഠനത്തില്‍ അജിത് സുപ്രധാന സംഭാവനകള്‍ നല്‍കി. ലോകത്തെ ഏറ്റവും മികച്ച നിരവധി ഗവേഷകരോടൊപ്പം പ്രവര്‍ത്തിക്കന്‍ അവസരമാണ് അജിതിന് ലഭിക്കുക. സ്വന്തം അഭിരുചിക്കനുസരിച്ചുള്ള പഠനത്തിനായി ലോകത്തെ ഏറ്റവും മികച്ച അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഗുരുത്വതരംഗങ്ങളെ സംബന്ധിച്ച തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി പുരസ്‌കാര തുക ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരുന്തല്‍മണ്ണയില്‍ ചെമ്മാണിയോട് സ്വദേശികളായ ഡി പരമേശ്വരന്‍-പി നളിനി ദമ്പതികളുടെ മകനാണ് അജിത്. ഭാര്യ പ്രിയങ്ക ആര്‍ക്കിടെക്ടാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സിലെ ജോലിയുടെ ഭാഗമായി അജിത് ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസം.