പ്രതിപക്ഷത്തെ അറിയിക്കാതെ സമരം ചെയ്ത സിപിഎമ്മിനും ആ സമരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി.
ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്ര സര്ക്കാര് രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് എ.കെ ആന്റണി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. കോച്ച് ഫാക്ടറി പ്രശ്നത്തിൽ പ്രതിപക്ഷത്തെ അറിയിക്കാതെ ഒറ്റയ്ക്ക് സമരം നടത്തിയ പിണറായി വിജയൻ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും എ.കെ ആന്റണി കുറ്റപ്പെടുത്തി.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്മാണം അടിയന്തരമായി തുടങ്ങണം. കേരളത്തിന്റെ പൊതു ആവശ്യത്തിന് വേണ്ടി യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എ.കെ ആന്റണി പറഞ്ഞു. ഒപ്പം പ്രതിപക്ഷത്തെ അറിയിക്കാതെ സമരം ചെയ്ത സിപിഎമ്മിനും ആ സമരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്ശനവും ഉയര്ത്തി. റായ്ബറേലി ഫാക്ടറിക്ക് മുന്ഗണന നല്കിയാല് മതിയെന്ന് രാഹുല് ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ റെയിൽ മന്ത്രി പീയുഷ് ഗോയലിനെ എ.കെ ആന്റണി വെല്ലുവിളിച്ചു. ആ കത്ത് പുറത്ത് വിടണമെന്ന് അദ്ദേഹം റെയില് മന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇടത് എംപിമാര് റെയിൽ ഭവന് മുന്നിൽ സമരം നടത്തിത്. സംസ്ഥാനത്തിന്റെ പൊതു ആവശ്യമായിട്ടും യോജിച്ച സമരം നടത്താന് കഴിയാത്ത കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള് പരസ്പരം പഴിചാരുന്ന കാഴ്ചാണ് ഇന്നും ദില്ലിയില് കാണ്ടത്.
