തിരുവനന്തപുരം: സി പി ഐയ്ക്ക് എതിരെ കടുത്ത നിലപാടുമായി മന്ത്രി എ കെ ബാലൻ. മന്ത്രി സഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന നടപടി ഭൂഷണമായില്ല. പ്രതിച്ഛായ ഉണ്ടെങ്കിൽ എല്ലാവർക്കും കൂടി അവകാശപെട്ടതാണ്. അല്ലാതെ ഹോൾ സെയിൽ അവകാശം ആർക്കും പതിച്ച് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാന തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്നും ബാലന്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ പരാമര്‍ശിച്ചായിരുന്നു ബാലന്റെ പരാമര്‍ശം.
തോമസ് ചാണ്ടി പങ്കെടുക്കുന്നത് കൊണ്ടാണ് വിട്ട് നില്‍ക്കുന്നത് എന്ന കത്ത് മൂന്‍കൂട്ടി നല്‍കിയായിരുന്നു സിപിഐ മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചത്. ഇതിനെ 'അസാധാരണ സംഭവം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പാര്‍ട്ടി പത്രത്തില്‍ പ്രത്യേകം മുഖപ്രസംഗം എഴുതി സി.പി.ഐയും ഇന്ന് രംഗത്ത് വന്നിരുന്നു. അസാധാരണ സാഹചര്യം ഉണ്ടായത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നായിരുന്നു സി.പി.ഐയുടെ വിശദീകരണം. ഇതിനെതിരേയാണ് തീരുമാനം സി.പി.ഐക്ക് ഭൂഷണമല്ല എന്ന് പറഞ്ഞ് എ.കെ ബാലന്‍ രംഗത്തെത്തിയത്.
