പ്രശ്നം രൂക്ഷമായതോടെ കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഉടന്‍  കേരളത്തിലെ നേതാക്കളെ കാണും.

കൊച്ചി: എന്‍.സി.പിയില്‍ തോമസ് ചാണ്ടി- എ.കെശശീന്ദ്രന്‍ വിഭാഗങ്ങളുടെ പോര് രൂക്ഷമായി. സംഘാടന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്യാനെത്തിയവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതിയുമായി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. എന്നാല്‍ പരാതി പറയുകമാത്രമാണ് ചെയ്തതെന്നും കൈയ്യേറ്റമുണ്ടായിട്ടില്ലെന്നും ശശീന്ദ്രന്‍ വിഭാഗം പറഞ്ഞു

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു എ.കെ ശശീന്ദ്രന്‍ വിഭാഗം ഇന്നലെ വൈകുന്നേരം ടി.പി പീതീംബരനെ കണ്ടത്. തെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍വി ഉറപ്പായ തോമസ് ചാണ്ടി കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പ്രസിഡന്റും ഇതിന് കൂട്ടുനിന്നെന്നാരോപിച്ച് ചില ഭരവാഹികള്‍ ബഹളം വെച്ചു. ഇതിനെതിരെയാണ് ടി.പി പീതാംബപരന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. തന്റെ വീട്ടീല്‍ അതിക്രമിച്ചെത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

സംസ്ഥാന അധ്യക്ഷനെ പിന്തുണച്ച് തോമസ് ചാണ്ടി വിഭാഗവും കൊച്ചിയില്‍ യോഗം ചേര്‍ന്നു. മന്ത്രി ശശീന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് ടി.പി പീതീംബരനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ശരത് പവാറിന് പരാതി നല്‍കുമെന്നും തോമസ് ചാണ്ടി വിഭാഗം വ്യക്തമാക്കി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതോടെ കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ ഉടന്‍ കേരളത്തിലെ നേതാക്കളെ കാണും.