തന്നെ കുടുക്കിയ സ്‌ത്രീയുടെ വിശദാംശങ്ങള്‍ ആവശ്യം വരുമ്പോള്‍ വെളിപ്പെടുത്തുമെന്ന് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ. എല്ലാകാലത്തും ഇനി ജാഗ്രത പുലര്‍ത്തും. തനിക്ക് നേരിട്ട പ്രയാസത്തില്‍ കുംടംബവും പൊതുസമൂഹവും ഒപ്പം നിന്നു. ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ സംഭാഷണത്തില്‍ മംഗളം ചാനല്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു എ.കെ ശശീന്ദ്രന്‍.

തന്നെ വിളിച്ചത് വീട്ടമ്മയല്ല, ദൃശ്യമാധ്യമ പ്രവര്‍ത്തകയാണെന്ന് വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇക്കാര്യം മുഖവിലക്കെടുക്കാമെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും എ.കെ ശശീന്ദ്രന്‍ പറയുന്നു. വിവാദത്തിന്റെ പേരില്‍ തനിക്കുണ്ടായ നഷ്‌ടത്തെ വ്യക്തിപരമായി കാണുന്നില്ല. മന്ത്രിസ്ഥാനം വലിയ കാര്യമായി തോന്നുന്നില്ലെന്നും സശീന്ദ്രന്‍ പറയുന്നു.

മാധ്യമ ധാര്‍മ്മികതയുടെ പേരില്‍ പൊതുസമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ തനിക്ക് പിന്തുണയാകുകയായിരുന്നു. ഈ പ്രയാസത്തില്‍ കുംടംബവും മണ്ഡലത്തിലെ ജനങ്ങളും ഒപ്പം നിന്നു. കേസ് സംബന്ധിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.അതേ സമയം നിയമക്കുരുക്ക് കൂടുതല്‍ മുറുകുന്നുവെന്ന് മനസിലാക്കിയാണ് ഖേദപ്രകടനുവുമായി ചാനല്‍ രംഗത്തെത്തിയത് എന്നാണ് സൂചന. എന്നാല്‍ മാപ്പപേക്ഷ കൊണ്ട് നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അറിയുന്നു.