ദില്ലി: സമാനതകളില്ലാത്ത ദുരന്തമാണ് പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തിരമായി ആശ്വസം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

ദേശീയ ദുരന്തം കൈകാര്യം ചെയ്യുന്നതുപോലുള്ള സഹായം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണം. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും ആന്റണി പറഞ്ഞു.

ഇത്രയും ഭയാനകമല്ലെങ്കിലും വെടിക്കെട്ടുമായി ബന്ധപ്പെട്ട അപകടങ്ങള്‍മുമ്പും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരന്തരം മനുഷ്യ കുരുതിക്ക് കാരണമാകുന്ന ഇത്തരം വെട്ടിക്കെട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ട സമയമായിരിക്കുന്നു. ഇക്കാര്യം സമുദായ സംഘടനകളും ആത്മീയ നേതാക്കളും രാഷ്‌ട്രീയ പാര്‍ട്ടികളും, സമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരും ഗൗരവുമായി ആലോചിക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.‎