=ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. സര്‍ക്കാര്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്

ദില്ലി: മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദുമഹാസഭ പ്രവർത്തകുടെ പ്രവൃത്തിക്കെതിരെ രാജ്യമാകെ വിമര്‍ശനം അലയടിക്കുകയാണ്. അതിനിടയിലാണ് ഹിന്ദു മഹാ സഭയുടെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടത്. കേരള സൈബര്‍ വാരിയേഴ്സാണ് ഹിന്ദു മഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തത്.

ഹിന്ദു മഹാസഭയുടെ സൈറ്റില്‍ കയറിയാല്‍ കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു എന്നാണ് കാണിക്കുന്നത്. ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. സര്‍ക്കാര്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.

അതേസമയം ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അലിഗഡ് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന എട്ട് പേരുൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അലിഗഡ് എ എസ് പി നീരജ് ജാദോർ അറിയിച്ചിരുന്നു. 

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തിയിരുന്നു.