സമാജ്‍വാദി പാർട്ടിയുടെ അദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി അഖിലേഷ് യാദവിന് അതൃപ്തി. കൊലക്കേസ് പ്രതിയുടെ മകന് സീറ്റ് നൽകിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. തനിക്കൊപ്പമുള്ളവർക്ക് സീറ്റ് നൽകാത്തതും അഖിലേഷ് യാദവിനെ ചൊടിപ്പിച്ചെന്നാണ് സൂചന.

ശിവ്പാൽ യാദവിനും അമർസിംഗിനും കൂടുതൽ അധികാരം നൽകി തന്നെ തളച്ച മുലായം സിംഗ് യാദവിന്റെ നടപടിയിൽ നിലനിന്നിരുന്ന അസംതൃപ്തി ശക്തമായി തന്നെ തുടരുന്നെന്നതിന്റെ സൂചനയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് അഖിലേഷ് യാദവ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാമ് സമാജ്വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവ് ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ, കവയിത്രി മധുമിതയെ കൊന്ന കേസിലെ പ്രതി അമർ മണി ത്രിപാഠിയുടെ മകൻ അമൻ മണി ത്രിപാഠിയ്ക്കും സീറ്റ് നൽകിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് പങ്കില്ലെന്ന് അഖിലേഷ് തുറന്നടിച്ചത്. ഭാവിയിൽ സ്ഥാനാർത്ഥികൾ ഇനിയും മാറുമെന്നും അഖിലേഷ് പറഞ്ഞു. അഖിലേഷ് യാദവിന്റെ അടുത്ത അനുയായി അതുൽ പ്രദാന് സീറ്റ് നിഷേധിച്ചതും അഖിലേഷ് യാദവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയിലെ ഉൾപ്പോരിന്റെ അവസാനം അഖിലേഷിനെ തഴഞ്ഞ് സഹോദരൻ ശിവ്പാൽ യാദവിനേയും, അമർസിംഗിനേയും ഒപ്പം കൂട്ടിയ മുലായം തെരഞ്ഞെടുപ്പ് രംഗത്തും അഖിലേഷിനെ തളക്കാനുള്ള ശ്രമമാണ് നടത്തുന്നത്.