ലഖ്നൗ: ഉത്തര്‍പ്രദേശിൽ സമാജ് വാദി പാര്‍ടി പിളര്‍പ്പിലേക്ക്. പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് സൂചന. മുലായം വിളിച്ച യോഗത്തിലെക്കാൾ കൂടുതൽ നേതാക്കൾ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ പങ്കെടുത്തു. തെര‌ഞ്ഞെടുപ്പിൽ സമാന്തരമായി മത്സരിച്ച വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും അഖിലേഷ് യാദവ് സൂചന നൽകി. അഖിലേഷ് യാദവ് മുലായംസിംഗുമായി കൂടിക്കാഴ്ച നടത്തി.

സമാജ് വാദി പാര്‍ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പാര്‍ടിയിൽ നിന്ന് പുറത്താക്കട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകും എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ 150 ലധികം എം.എൽ.എമാർ പങ്കെടുത്തു. 200 ഓളം എം.എൽഎമാര്‍ അഖിലേഷിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. പാര്‍ടിയിലെ പ്രമുഖ നേതാക്കളും അഖിലേഷിന് പിന്തുണയുമായി എത്തി. മുലായംസിംഗ് യാദവ് പാര്‍ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ച്ച യോഗത്തേക്കാൾ കൂടുതൽ എം.എൽ.എമാരും നേതാക്കളും അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ചത് സമാജ് വാദി പാര്‍ടി പിളര്‍പ്പിലേക്ക് തന്നെ എന്ന സൂചനയാണ് നൽകുന്നത്. 

പ്രശ്നങ്ങൾക്ക് പിന്നിൽ അമര്‍സിംഗിനെ പോലുള്ള നേതാക്കളാണെന്ന് പറഞ്ഞ അഖിലേഷ് യാദവ് പാര്‍ടിയെ രക്ഷിക്കാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും എം.എൽ.എമാരുടെയും നേതാക്കളുടെയും യോഗത്തിൽ പറഞ്ഞു. അതേസമയം മകൻ രാജ്യം ഭരിക്കുമ്പോൾ പിതാവ് കാട്ടിലേക്ക് പോകുന്നത് അനുകലിക്കില്ലെന്നായിരുന്നു മുലായത്തെ പിന്തുണച്ച് അമര്‍സിംഗ് പ്രതികരിച്ചത്.

അഖിലേഷിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് ലക്നൗവിൽ പുരോഗമിക്കുന്നത്. മുലായത്തിന് പിന്തുണയുമായും പ്രവര്‍ത്തകർ ലക്നൗവിലേക്ക് എത്തുന്നുണ്ട്. പൊലീസും പ്രതിഷേധക്കാരുമായി പലതവണ ഏറ്റുമുട്ടി. ഇതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ടി അദ്ധ്യക്ഷൻ മുലായംസിംഗിന്‍റെ യാദവിന്‍റെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. ചില നിബന്ധനകളോടെ പാര്‍ടി തീരുമാനം അംഗീകരിക്കാമെന്ന അഖിലേഷ് മുലായത്തെ അറിയിച്ചതായി സൂചനയുണ്ട്.

അമര്‍സിംഗിനെ പടിക്ക് പുറത്താക്കണം എന്നതാണ് അഖിലേഷിന്‍റെ ആവശ്യം. പ്രശ്നപരിഹാരത്തിനായി ലാലുപ്രസാദ് ഉൾപ്പടെയുള്ള നേതാക്കൾ ഇടപെടലുകൾ നടത്തുന്നുണ്ട്. ലാലുപ്രസാദ് യാദവ് രാവിലെ മുലായംസിംഗുമായി ചര്‍ച്ച നടത്തി.