സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂണിലാണ് അഖിലേഷ് ഔദ്യോഗിക വസതി ഒഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അനധികൃതമായി 4.67 കോടിയുടെ നിര്‍മാണമാണ് അഖിലേഷ് നടത്തിയിരിക്കുന്നത്

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന ഔദ്യോഗിക ബംഗ്ലാവിന് വരുത്തിയ കേടുപാടുകള്‍ക്ക് അഖിലേഷ് യാദവ് ആറു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂണിലാണ് അഖിലേഷ് ഔദ്യോഗിക വസതി ഒഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അനധികൃതമായി 4.67 കോടിയുടെ നിര്‍മാണമാണ് അഖിലേഷ് നടത്തിയിരിക്കുന്നത്. ഇത് കൂടാതെയാണ് വലിയ കേടുപാടുകളും വരുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

പതിച്ചിരുന്ന ടെെലുകള്‍, പുല്‍ത്തകിടി, വെെദ്യുതി ഉപകരണങ്ങള്‍ തുടങ്ങിയവയ്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതലും അഖിലേഷ് അനധികൃതമായി നിര്‍മാണം നടത്തിയിടങ്ങളിലാണ് പ്രശ്നമുണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി കാരണംകാണിക്കല്‍ നോട്ടീസ് മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ആസുത്രണമാണ് ഇതെല്ലാമെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

അഖിലേഷ് എന്ന നേതാവിന്‍റെ ജനപ്രീതിയില്‍ ഭയപ്പെട്ട കാരണമാണ് ബിജെപി ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് സുനില്‍ യാദവ് വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി യുപിയില്‍ ആരംഭിച്ച കാമ്പയിനില്‍ നരേന്ദ്ര മോദി അഖിലേഷിനെതിരെ ഈ വിഷയം ഉയത്തി വലിയ വിമര്‍ശനങ്ങളാണ് ഏയ്തത്. യുപിയില്‍ എപ്പോള്‍ സന്ദര്‍ശിച്ചാലും അഖിലേഷ് യാദവിനെയാണ് മോദി ഉന്നം വെയ്ക്കാറുള്ളത്.