കോഴിക്കോട്: വില്ലേജ് ഓഫീസില്‍ ആറ് രൂപ ഭൂനികുതിയടക്കാന്‍ അക്ഷയകേന്ദ്രങ്ങള്‍ ഈടാക്കുന്നത് ഇരുപത് രൂപ. പുതുതായി കംപ്യൂട്ടറില്‍ ആധാരം റജിസ്റ്റര്‍ ചെയ്തവരാണ് ഇത്രയും ഭാരിച്ച ചെലവ് സഹിച്ച് നികുതിയടക്കേണ്ടിവരുന്നത്. ഇതിന് പുറമെ വില്ലെജ് ഓഫിസുകളില്‍ നിന്നും പഞ്ചായത്ത് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അഞ്ച് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് നല്‍കിയാല്‍ ലഭിക്കുമായിരുന്ന കൈവശ സര്‍ട്ടിഫിക്കെറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാല്‍പ്പത് മുതല്‍ നൂറ് രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും പരാതി വ്യാപകമാണ്. ആധാരത്തിന്റെ പേജുകളുടെ എണ്ണത്തിനനുസരിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന സര്‍വിസ് ചാര്‍ജും കൂടും.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, മൊകേരി, തളീക്കര, തൊട്ടില്‍പ്പാലം, തുടങ്ങിയ കേന്ദ്രങ്ങളെക്കുറിച്ചെല്ലാം വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ ജനങ്ങളെ വ്യാപകമായി പിഴിയുമ്പോഴും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍, പാസ്‌പോര്‍ട്ട്, പാന്‍, ആധാര്‍, തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം തോന്നുംപോലെ ചാര്‍ജ് ഈടാക്കുന്നതായും പരാതിയുയര്‍ന്നു.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങളും നിരക്കുകളും പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമമെങ്കിലും പലകേന്ദ്രങ്ങളും ഇവ പാലിക്കാറില്ല. ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇവ പാലിക്കാറില്ല.
