Asianet News MalayalamAsianet News Malayalam

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്ന് മന്ത്രി ഇപി ജയരാജന്‍

തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്ന് മന്ത്രി ഇ പി ജയരാജന്‍

alapad mining will not be stopped says e p jayarajan
Author
Trivandrum, First Published Jan 13, 2019, 3:49 PM IST

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഖനനം നിര്‍ത്തി ചര്‍ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു.

കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ)  മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.കമ്പിനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐആര്‍ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം അലപ്പാട്ടെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റാൻ ഐആർഇ തയാറാകണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആർഇക്കാണെന്ന് ചൂണ്ടികാട്ടിയ സിപിഎം കരാർ വ്യവസ്ഥകൾ ഐആർഇ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ലാഭ വിഹിതത്തിൽ നിന്ന് പ്രാദേശിക വികസനം നടത്താൻ ഐആർഇ തയാറായില്ല. ഐആർഇയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios