കുട്ടനാട്, വൈക്കം താലൂക്കുകളില്‍ രണ്ടാഴ്ചയോളമായി വെള്ളക്കെട്ട് തുടരുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയ ബാധിതമായി പ്രഖ്യാപിക്കാനുളള സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയ ബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോരിറ്റിയുടെതാണ് തീരുമാനം. അതേസമയം മഴയുടെ തീവ്രത കുറഞ്ഞിട്ടും കുട്ടനാട്ടില്‍ വെളളക്കെട്ട് തുടരുകയാണ്.
കുട്ടനാട്, വൈക്കം താലൂക്കുകളില്‍ രണ്ടാഴ്ചയോളമായി വെള്ളക്കെട്ട് തുടരുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയ ബാധിതമായി പ്രഖ്യാപിക്കാനുളള സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ബണ്ടുകളിലെ ചോർച്ച പരിഹരിക്കാനായി 1.42 കോടി രൂപ ആലപ്പുഴ ജില്ലക്ക് അനുവദിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ മാലിന്യം നീക്കം ചെയ്യാൻ 50 ലക്ഷം വീതം നൽകും. ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിന് 35 ലക്ഷം രൂപ അനുവദിക്കും. ഈ റോഡിലെ വെള്ളകെട്ട് പരിഹരിക്കാൻ 26.55 ലക്ഷം രൂപയാണ് നല്‍കുക. നാളെ തന്നെ പന്പിംഗ് തുടങ്ങാനാണ് ഇറിഗേഷന്‍ വകുപ്പിന് ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ക്യാമ്പുകളിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിന് പോകുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷക്ക് 100 ലൈഫ് ജാക്കറ്റുകളും നല്‍കും. അതിനിടെ കുട്ടനാട്ടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 30 ബയോ ടോയ്‍ലറ്റുകള്‍ കൂടി ജില്ലാ ഭരണകൂടം ഇന്ന് സ്ഥാപിച്ചു. ദുരിതബാധിതര്‍ക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടനാട്ടിലേക്കെത്തുന്ന സഹായം സംഭരിക്കാനായി പുതിയൊരു ഗോഡൗണ്‍ കൂടി തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നുണ്ട്.
വൈക്കം മുണ്ടാറില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട 23 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. അതേസമയം, കുള്ളാര്‍, ഗവി, മീനാര്‍ ഡാമുകള്‍ തുറന്നുവിടാന്‍ സാധ്യതയുളളതിനാല്‍ പന്പാ നദീ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ ഭരകൂടം മുന്നറിയിപ്പ് നല്‍കി.
