ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നല്‍കിയ നികുതിയിളവ് പിന്‍വലിച്ച ആലപ്പഴ നഗരസഭാ കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കാന്‍ നീക്കം. നികുതിയിളവ് പിന്‍വലിച്ച് യഥാര്‍ത്ഥ നികുതി മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കാനുള്ള തീരുമാനമെടുത്ത് ഒന്നരമാസം കഴിഞ്ഞിട്ടും റിസോര്‍ട്ടില്‍ പരിശോധന പോലും നടത്തിയില്ല. അതിനിടെ ഇപ്പോള്‍ പരിശോധന നടത്തരുതെന്നാവശ്യപ്പെട്ട് ലേക് പാലസ് റിസോര്‍ട്ട് കമ്പനി നല്‍കിയ കത്തില്‍ നഗരസഭാ സെക്രട്ടറി ഒരു തീരുമാനവുമെടുക്കുന്നുമില്ല
ലേക് പാലസ് റിസോര്‍ട്ട് ഒരു രൂപപോലും കെട്ടിട നികുതിയടക്കാതെയാണ് 2001 ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2003 ജൂലായ് മാസം അന്നത്തെ നഗരസഭാ സെക്രട്ടറി നികുതി വെട്ടിക്കാനുളള ശ്രമം കയ്യോടെ പിടികൂടി. റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയ കാലം മുതലുള്ള നികുതിയടക്കാന്‍ നിര്‍ദ്ദേശിച്ച് പ്രത്യേക നോട്ടീസ് നല്‍കി. പിന്നാലെ 2004 ല്‍ തോമസ്ചാണ്ടി കെട്ടിടനികുതി മൂന്നിലൊന്നായി കുറച്ചെടുത്തു. ആലപ്പുഴയിലെ മറ്റൊരു റിസോര്‍ട്ടിനും കിട്ടാത്ത നികുതിയിളവാണ് തോമസ്ചാണ്ടി അന്ന് നേടിയെടുത്തത്.
മന്ത്രി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഒന്നൊന്നായി ഏഷ്യാനെറ്റ്‌ന്യൂസ് പുറത്തുകൊണ്ടുവരുന്നതിനിടെ ആലപ്പുഴ നഗരസഭയിലും പ്രശ്‌നം തുടങ്ങി. ലേക് പാലസ് റിസോര്‍ട്ടിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ഏഷ്യാനെറ്റന്യൂസ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതോടെയായിരുന്നു ഇത്. പിന്നാലെ സപ്തംബര്‍ 22 ന് ലേക്പാലസ് മാത്രം അജണ്ടവെച്ച് പ്രത്യേക നഗരസഭാകൗണ്‍സില്‍ യോഗം ചേര്‍ന്നു. ലേക് പാലസ് റിസോര്‍ട്ടിന് മാത്രമായി നല്‍കിയ വന്‍ നികുതിയിളവ് പിന്‍വലിക്കാനും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കാനും തീരുമാനിച്ചു.
എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ഒന്നും നടന്നില്ല. ലക്ഷങ്ങളാണ് ലേക് പാലസ് റിസോര്‍ട്ടിന് ഇനി നല്‍കേണ്ടി വരിക. നികുതി പുനര്‍നിര്‍ണ്ണയം അട്ടിമറിക്കാനുള്ള ശ്രമം ഇപ്പോള്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. റിസോര്‍ട്ടില്‍ പരിശോധനയ്ക്ക് എത്തുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയപ്പോള്‍ ജനുവരിമാസത്തില്‍ പരിശോധന നടത്തിയാല്‍ മതിയെന്ന മറുപടി റിസോര്‍ട്ട് കമ്പനി നല്‍കി. ഈ മറുപടിയില്‍ ഒരു തീരുമാനവുമെടുക്കാതെ ഫയല്‍ നഗരസഭാ സെക്രട്ടറിയുടെ മുന്നില്‍ കിടക്കുകയാണ്.
