വനിതാ മതിലിൽ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൗകര്യം ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടർ.

ആലപ്പുഴ: വനിതാ മതിലിൽ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൗകര്യം ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടർ. മറ്റൊരു അവധി ദിവസം തൊഴിൽ ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് കളക്ടർ അറിയിച്ചു. തൊഴിലുറപ്പ് കൂലി നഷ്ടപ്പെടാത്ത രീതിയിലാണ് ക്രമീകരണം. 

നാളെയാണ് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കുക. 50 ലക്ഷം വനിതകൾ മതിലിൽ അണിചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു‍. ഇടവിട്ട് ഇടവിട്ട് പുരുഷൻമാരുടെ സമാന്തര മതിലും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

വനിതാ മതിലിൽ കെ ആർ ഗൗരിയമ്മയും പങ്കെടുക്കും. ജി സുധാകരൻ ഗൗരിയമ്മയുടെ വീട്ടിൽ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ വൈഎംസിഎ ജങ്ഷനിൽ ആയിരിക്കും അണിചേരുക.

വനിതാമതിലിനെതിരെ അവസാന മണിക്കൂറുകളിലും വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ ആരോപിച്ചിരുന്നു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കുകയും ചെയ്തു. 

സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പ്രതികരിച്ചിരുന്നു. എന്തിനാണ് വനിതാ മതിൽ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരമായി തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.