കുട്ടനാട്ടിലെ വെള്ളപ്പൊക്കം ജനങ്ങള്‍ ദുരിതത്തില്‍ തിരിച്ചറിയല്‍ രേഖകളും ഒഴുകിപ്പോയി വസത്രങ്ങളും ഭക്ഷണ സാധനങ്ങളും നശിച്ചു തിരിച്ചെത്തുമ്പോള്‍ ബാക്കിയാവുക നഷ്ടങ്ങള്‍ മാത്രം

ആലപ്പുഴ: പെട്ടെന്നുണ്ടായ മടവീഴ്ചയില്‍ വീടുകളില്‍ വെള്ളം കയറിയതോടെ ജിവിതത്തിലെ എല്ലാ സമ്പാദ്യവും ഒലിച്ചുപോയ നിരവധി പേരുണ്ട് കുട്ടനാട്ടില്‍. മടവീണ് വെള്ളം കയറുന്നു എന്ന് കേട്ടതോടെ വീട് വിട്ട് ഓടിയവരുടെ എല്ലാം നഷ്ടമായി. വസ്ത്രമോ പണമോ പോലും എടുക്കാനാവാതെയാണ് പലര്‍ക്കും വീട് വിടേണ്ടി വന്നത്.

കരച്ചിലടക്കാന്‍ അടക്കാന്‍ കഴിയുന്നില്ല ശശിയമ്മയ്ക്കും മകള്‍ക്കും. ഒരു ദിവസം രാത്രി പെട്ടെന്ന് മടവീണ് വെള്ളം കുത്തിയൊലിച്ച് വന്നപ്പോള്‍ വീടിനൊപ്പം ഒഴുകിപ്പോയത് ഇവരുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു. മൂന്ന് പെണ്‍മക്കളാണ് ശശിയമ്മയ്ക്ക്. വിദേശത്ത് നേഴ്സായി ജോലി ചെയ്യുന്ന മകളുടെ വരുമാനംകൊണ്ടാണ് ഈ വീട് വെച്ചത്. മകളുടെ അടുത്തേക്ക് ഈ മാസം ഇരുപത്തിനാലാം തീയ്യതി പോകാനിരിക്കെ പാസ്സ്പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും ഒലിച്ചുപോയി. ശശിയമ്മയെ പോലെ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് പേര്‍ കുട്ടനാട്ടിലുണ്ട്.

റേഷന്‍കാര്‍ഡും തിരിച്ചറിയില്‍ രേകഖളും ബാങ്ക് പാസ്സ്ബുക്കുകളും എന്ന് വേണ്ട തുണിയും ഭക്ഷണ സാധനങ്ങളും എല്ലാം വെള്ളത്തില്‍ ഒഴുകിപ്പോയവര്‍. മേല്‍ക്കൂരയോളം വെള്ളം കയറിയ വീടുകളില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടവര്‍ ഇനി തിരിച്ചെത്തുമ്പോള്‍ പിന്നീടുള്ള ജീവിതം സങ്കടത്തിന്‍റെതും കഷ്ടപ്പാടിന്‍റേതും മാത്രമാകുമെന്നുറപ്പ്.