ആലപ്പുഴ: ആലപ്പുഴയില്‍ സദാചാര പോലീസ് ആക്രമണം. കായംകുളത്ത് രണ്ട് ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന സഹോദരങ്ങളെയും ഭാര്യമാരെയും നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി അപമാനിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കുകളെ പിന്തുടര്‍ന്ന പ്രതികള്‍ ഒഎൻകെ ജംഗ്ഷനില്‍ വച്ചും പുളിമുക്ക് ജംഗ്ഷനില്‍ വച്ചും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്നതിന്‍റെ തെളിവ് ചോദിച്ച് അപമാനിച്ചു.സംഭവത്തില്‍ ഷെഫീഖ്, സലീം എന്നിവരെ കായംകുളം പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആറാട്ടുപുഴയില്‍ സ്ഥിര താമസക്കാരായ സഹോദരങ്ങളായ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ കായംകുളത്തെ ആശുപത്രിയില്‍ പോയതായിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ ഇവര്‍ കായംകുളത്ത് വച്ച് പെട്രോളടിച്ചു. പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കുകള്‍ പുറപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന സലീമും ഷെഫീഖും ഇവരെ പിന്തുടര്‍ന്നു.

ദേശീയപാതയിലെ ഒഎന്‍കെ ജംഗ്ഷനിലെത്തിയപ്പോള്‍ പിറകില്‍ വന്ന രണ്ടുപേര്‍ രണ്ടു ബൈക്കുകളെയും തട‍ഞ്ഞു നിര്‍ത്തി. ആരാണെന്നും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആണെന്നതിന്‍റെ തെളിവ് എന്താണെന്നും ചോദിച്ചു. സംഭവം കണ്ട് ആള്‍ക്കൂട്ടമായതോടെ ഇവര്‍ കാര്‍ത്തികപ്പള്ളി റോഡിലേക്ക് കയറി. വീണ്ടും ഷെഫീഖും സലീമും ഇവരെ പിന്തുടര്‍ന്നു. പുളിമുക്ക് ജംഗ്ഷനിലെത്തിയപ്പോള്‍ പിറകില്‍ വന്നവര്‍ ഇവരെ മറികടന്ന് നടുറോഡില്‍ ഇവരെ വീണ്ടും തടഞ്ഞിട്ടു. ബൈക്കില്‍ നിന്ന് ഇറങ്ങി വന്നയുടന്‍ സ്ത്രീകളെ മര്‍ദ്ദിക്കുകയും തള്ളിയിടുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു.

പിന്നീട് തെളിവ് ചോദിച്ച് തുടങ്ങി. ഫോട്ടോ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഫോട്ടോ എടുത്ത് സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിലെല്ലാം ഇവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാര്‍ ഒരാളെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. രണ്ടാമത്തെ ആളെ പോലീസ് പിന്നീട് പിടികൂടി.

പ്രതികള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രതികളായ ഷെഫീഖും സലീമും മുഖംപൊത്തിക്കരയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാ‍ന്‍റ് ചെയ്തു.