ആലപ്പുഴ: കണ്ണൂരില്‍ എച്ച്ഐവി ബാധിച്ച അംഗനവാടി ജീവനക്കാരിക്ക് നാട്ടുകാര്‍ അയിത്തം കല്‍പ്പിച്ച വാര്‍ത്ത വന്നിട്ട് അധികമായില്ല. എച്ച്ഐവി അടുത്തിടപഴകുന്നതിലൂടെ പകരില്ലെന്ന് അറിയാവുന്നവര്‍പോലും എച്ച്ഐവി ബാധിതരെ ആട്ടിയോടിക്കുന്ന അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല.
എച്ച്ഐവി ബാധിതരെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളോ, സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളോ ഇവരിലേക്കെത്തുന്നില്ലെന്ന് സത്യം ഇക്കഴിഞ്ഞ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളിലാണ് ആലപ്പുഴ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. എന്താണൊരു പോംവഴി എന്ന ആലോചനയില്‍ ലഭിച്ച ഉത്തരം ' ഉജ്ജ്വല' എന്നതായിരുന്നു. ജില്ലയിലെ എച്ച്ഐവി ബാധിതരുടെ കൂട്ടായ്മയുണ്ടാക്കി അവരെ ശാക്തീകരിക്കുകയും തലനിവര്‍ത്തി സമൂഹത്തില്‍ ജീവിക്കാനും പ്രേരിപ്പിക്കുകയാണ് ഉജ്ജ്വലയുടെ ലക്ഷ്യം.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നത്. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ കുടുംബശ്രീ മിഷന്റെ തനത് പദ്ധതിയാണിത്. ഇതുമാത്രമല്ല തേജസ്വനി, നിലാവൊലി, പ്രവാസിത തുടങ്ങിയ കൂട്ടായ്മകളുമായി സംസ്ഥാനത്തൊട്ടാകെ മാതൃകയാവുകയാണിവര്‍. ആലപ്പുഴയില്‍ എച്ച്.ഐ.വി പോസിറ്റീവായിട്ടുള്ളവരുടെ എണ്ണം 728 ആണ്. ഇതില്‍ 13 പെണ്‍കുട്ടികളും 9 ആണ്‍കുട്ടികളും ഉള്‍പ്പെടും. സമൂഹത്തെ ഭയന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ തലതാഴ്ചത്തിയിരിക്കുന്ന് ഇവര്‍ക്ക് മുന്നിലേയ്ക്ക് നീളുകയാണ് ഈ കുടുംബശ്രീ കരങ്ങള്‍.
തേജസ്വിനി
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വനിതകള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ ആരോഗ്യ പദ്ധതിയാണ് 'തേജസ്വിനി'. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും മറ്റും ഒട്ടുമിക്ക ജില്ലകളിലും ഇതിന് മുന്‍പ് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു പാക്കേജ് നടപ്പാക്കുന്നത്. രക്തദാനം ചെയ്യുന്നതിന്റെ പ്രധാന്യം പല സ്ത്രീകള്‍ക്കുമറിയില്ല. അവരെ ബോധവത്കരിച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയിച്ച് രക്തദാനം പ്രോത്സാഹിപ്പിക്കും. ഇതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ ബ്‌ളഡ് ബാങ്ക് രൂപീകരിക്കും.
ജീവിത ശൈലി രോഗ നിര്‍ണ്ണയം, അതിനുള്ള പ്രതിവിധികള്‍, മാമോഗ്രാം, ക്യാന്‍സര്‍ നിര്‍ണ്ണയം, ത്വക്ക് രോഗ നിര്‍ണ്ണയം, സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് തേജസ്വിനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍ പറഞ്ഞു.
കുട്ടനാട്ടില്‍ ക്യാന്‍സര്‍ ബാധിതര്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശങ്ങളില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണവും വൈദ്യ പരിശോധനയും പ്രാരംഭ ഘട്ടത്തില്‍ തന്നെ സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ വര്‍ധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളും ചികിത്സാ സംവിധാനങ്ങളും കുടുംബശ്രീ കണ്ടെത്തും. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി കൊതുക് സാന്ദ്രതയുള്ള പ്രദേശം കണ്ടെത്തി ഉറവിടം നശിപ്പിക്കുകയും ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. സംസ്ഥാന കുടുംബശ്രീ മിഷനാണ് ധനസഹായം നല്‍കുക.
നിലാവൊലി, പ്രവാസിത
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കേരളത്തിലെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ഉറപ്പാക്കുന്ന പദ്ധതിയാണിത്. പലപ്പോഴും ഇതരസംസ്ഥാനത്തു നിന്നെത്തി ഇവിടെ ജീവിക്കുന്ന സ്ത്രീകള്‍ വലിയ ദുരിതത്തിലാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാനാകില്ലെന്നതും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഇവരെ കണ്ടെത്തി കൂട്ടായ്മയുണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒരായുസ്സിന്റെ പകുതിയിലധികം മണലാരണ്യങ്ങളില്‍ ജോലി ചെയ്ത് നാട്ടിലെത്തി അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പ്രവാസി സ്ത്രീകളുടെ സഹായത്തിനുള്ള പദ്ധതിയാണ് 'പ്രവാസിത'. അറബിയുടെ വീടുകളില്‍ ജോലി ചെയ്യുന്നതിനായി നൂറുകണക്കിന് സ്ത്രീകളാണ് ഗള്‍ഫ്‌നാടുകളിലേക്ക് പോയിട്ടുള്ളത്. തിരിച്ചെത്തിയ ഇവര്‍ ആരോഗ്യം നശിച്ച്, സംരക്ഷണത്തിനാളില്ലാതെ കഴിയുന്ന കഥകളേറെയുണ്ട്. ഇത്തരക്കാരെ കണ്ടെത്തി വേണ്ട സഹായം ചെയ്യുകയാണ് പദ്ധതി ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മോള്‍ജി ഖാലിദ് പറഞ്ഞു. പദ്ധതി ഉടന്‍ നടപ്പിലാക്കും.
