ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയില്‍ ആത്മഹത്യ ചെയ്ത ലിജി, സ്‌ത്രീധന പീഡനത്തിന്റെ ഇരയെന്ന് പോലീസ്. പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ബിനീഷ്, ലിജിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ലിജി ആത്മഹത്യ ചെയ്തത്.മാവേലിക്കര ഉമ്പര്‍നാട് സ്വദേശി ബിനീഷിന്റെ ഭാര്യ 30 കാരിയായ ലിജി കിണറ്റില്‍ ചാടിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
തുണിയലക്കാന്‍ പോയ ലിജിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബിനീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനീഷിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പണം ആവശ്യപ്പെട്ട് ലിജിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ബിനീഷ് സമ്മതിച്ചു. വ്യാഴാഴ്ച ലിജിയെ കാണാനെത്തിയ അമ്മയോടും സഹോദരിയോടും ബിനീഷ് അസഭ്യം പറഞ്ഞിരുന്നു. ഇതും ലിജിയുടെ ആത്മഹത്യക്ക് പ്രേരണയായി.
ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടേയും മാവേലിക്കര സി.ഐ. പി. ശ്രീകുമാറിന്‍റേയും നേതൃത്വത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ബിനീഷിന്റെയും ലിജിയുടേയും വിവാഹം.ഇവര്‍ക്ക് 4 മാസം പ്രായമുള്ള മകളുമുണ്ട്.
