ആലപ്പുഴ: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ക്കും സീനിയര്‍ റെസിഡന്‍റുമാര്‍ക്കും ഡിസംബര്‍ മാസത്തെ സ്റ്റൈപ്പന്‍റ് ജനുവരി 20 ആയിട്ടും ലഭിച്ചില്ലെന്ന് പരാതി. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പിച്ചതെണ്ടി പ്രതിഷേധിച്ചു. സമരം ഫേസ്ബുക്കില്‍ ലൈവ് ചെയ്ത വിദ്യാര്‍ഥികള്‍ 11 മണിയായിട്ടും മെഡിക്കല്‍ കോളജിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ആരുമെത്തിയില്ലെന്നും ആരോപിച്ചു.

11 മണിയായിട്ടും ഓഫീസിലെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുമ്പോള്‍ 18 മണിക്കൂറോളം സമയം നോക്കാതെ ജോലി ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് അവഗണന കാണിക്കുകയാണെന്നും അവര്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ ഫണ്ട് തീര്‍ന്നതാണ് സ്റ്റൈപ്പന്‍റ് നല്‍കാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മറ്റ് മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മര്‍ക്ക് കൃത്യമായി സ്റ്റൈപ്പന്‍റ് ലഭിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഫണ്ട് തീരുന്ന കാര്യം നേരത്തെ അറിഞ്ഞിട്ടും യാതൊരു നടപടിയെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലടക്കമുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ ലൈവായി തന്നെ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഞങ്ങളെ പിച്ചതെണ്ടേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും പിജി ഡോക്ടര്‍മാര്‍ പറയുന്നു. പ്രതീകാത്മക പിച്ചതെണ്ടല്‍ സമരത്തിന്‍റെ ഭാഗമായി ശേഖരിച്ച പണം വിദ്യാര്‍ഥികള്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.