ആലപ്പുഴ: ജില്ലയിലെ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങളും വൈകല്യങ്ങളും കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണിക്കാര്യം ബോധ്യപ്പെട്ടത്. ആയുര്‍വേദ വകുപ്പ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ കൗമാരഭൃത്യം എന്ന പ്രത്യേക ചികിത്സാ വിഭാഗം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ തുടങ്ങി. 

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ജില്ലയില്‍ 1,618 കുട്ടികള്‍ സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മാനസിക വളര്‍ച്ചക്കുറവ് എന്നീ ജന്മവൈകല്യം ബാധിച്ചവരാണ്. ജില്ലയിലെ കുട്ടികളില്‍ 15 ശതമാനത്തിനും ശ്വാസകോശ സംബന്ധമായ അസുഖമുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലയില്‍ 18 ശതമാനവും നഗരമേഖലയില്‍ 12 ശതമാനവും കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

കുട്ടികളിലെ ജന്മവൈകല്യങ്ങള്‍, പഠനവൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗങ്ങള്‍, അലര്‍ജി തുടങ്ങിയവയിലുള്ള വര്‍ദ്ധന ആശങ്കജനകമാണെന്നാണ് ഭാരതീയ ചികിത്സ വകുപ്പ് വ്യക്തമാക്കുന്നത്. ഇവ ഇപ്പോഴേ ചികിത്സിച്ചു തുടങ്ങിയില്ലെങ്കില്‍ സാമൂഹിക വിപത്തായി മാറും. കുട്ടികളിലെ രോഗങ്ങളും വൈകല്യങ്ങളും കണ്ടെത്തി ഫലപ്രദമായ ചികിത്സാ നല്‍കുന്നതിനാലാണ് കൗമരഭൃത്യം പദ്ധതിക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, കുട്ടികളുടെ വ്യക്തിത്വ വികസനം, കൗണ്‍സിലിങ്, ബോധവത്കരണം എന്നിവയുള്‍പ്പെട്ട കര്‍മ്മപദ്ധതിയാണ് കൗമാരഭൃത്യം. 

ഒന്നു മുതല്‍ 16 വയസ് വരെയുള്ള കുട്ടികളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് ചികിത്സാവിധി നിര്‍ണ്ണയിക്കുക. ഇതിനായി അങ്കണവാടി സ്‌കൂള്‍ തലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കാന്‍ പദ്ധതിയില്‍ ധാരണയായിട്ടുണ്ട്. ഇതോടൊപ്പം കരള്‍ രോഗമുക്തിക്കുള്ള ചികില്‍സ ജില്ല ആയുര്‍വേദ ആശുപത്രി, ചേര്‍ത്തല, മാവേലിക്കര, കായംകുളം ആശുപത്രികളിലും ലഭ്യമാക്കി വരുന്നുണ്ട്. പഞ്ചകര്‍മ, യോഗ ചികിത്സയും ഇതിന്റെ ഭാഗമായി നടത്തിവരുന്നുണ്ട്.