ആലപ്പുഴ: തലസ്ഥാന നഗരത്തിലുള്ളവര്‍ക്കും ആലപ്പുഴക്കാര്‍ക്കും 'പട്ടിണിയും പരിവട്ടവും' പഴങ്കഥയാകും. വിശന്നു പൊരിഞ്ഞ വയറുമായി ആരുമിനി അലയേണ്ടതില്ല. ഒരുനേരത്തെ ആഹാരത്തിനായി വീടുകളില്‍ ചെന്ന് കൈനീട്ടുകയും വേണ്ട. ഭക്ഷണം ഓരോരുത്തരുടെയും അവകാശമാണ്. അത് വൃത്തിയോടെ രുചികരമായി നിങ്ങളുടെ കയ്യിലെത്തും.
ഇതിനായി വിശക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന, സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പുരഹിത കേരളം പദ്ധതി' ജനുവരി ഒന്നിന് ആരംഭിക്കും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ആലപ്പുഴ നഗരത്തിലാണ് ആദ്യ ഘട്ടം. രണ്ട് ജില്ലകളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ 70 ലക്ഷം രൂപ അനുവദിച്ചു.
അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എല്ലാ ദിവസവും സൗജന്യമായി നല്‍കുകയും പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണം പാചകം ചെയ്യുന്നതിനും നല്‍കുന്നതിനുമായി സ്ഥിരം കേന്ദ്രം ആരംഭിക്കും. കളക്ടര്‍ക്കാണ് ചുമതല. കൂപ്പണോ മറ്റു സംവിധാനമോ ഉപയോഗിച്ച് അശരണര്‍ക്ക് ഈ കേന്ദ്രത്തിലൂടെ മികച്ച ഭക്ഷണം ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഊണും 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും ലഭ്യമാക്കും.
വരുമാനമില്ലാതെ നിരാശ്രയരായി കഴിയുന്നവര്‍ക്കും രോഗികള്‍ക്കും ഭക്ഷണം നല്‍കും. വിതരണ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം നിര്‍ധനരായ കിടപ്പുരോഗികള്‍ക്കും അവശര്‍ക്കും വീടുകളില്‍ എത്തിച്ചു നല്‍കാനും ശ്രമിക്കും. ഇതിനായി സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, യുവജനസംഘടനകള്‍, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണം തേടും. സപ്ലൈകോ, മില്‍മ, ഹോര്‍ട്ടികോര്‍പ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
