11 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ്  ആണ് ഏറ്റെടുത്തത്

വയനാട്: ഏറെക്കാലത്തെ നിയമ നടപടികള്‍ക്കൊടുവില്‍ ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാക്കി ജില്ലകലക്ടര്‍ ഉത്തരവിറക്കി. മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കാണിച്ച് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആണ് ഉത്തരവിറക്കിയത്. 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് നിയപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു എസ്റ്റേറ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ട എസ്റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ മരണപ്പെട്ട ശേഷം എസ്റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു. എഡ്വിന്‍ ജുബര്‍ട്ട് വാനിന്റെ മരണശേഷമാണ് സര്‍ക്കാര്‍ എസ്റ്റേറ്റില്‍ അന്യം നില്‍പ്പ് നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നല്‍കി. 

പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ കോടതി ജില്ലാ കലക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ജുബര്‍ട്ട് വാന്‍ ഇംഗന്റെ മരണശേഷം എസ്റ്റേറ്റിന് അനന്തരവകാശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ ഭൂമി ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചത്.